Monday, December 31, 2007

വിരുന്നുകാരന്‍


ഒരു നിലാവു പോലെ അവന്‍ കടന്നു വന്നു. ഒരു കുളിര്‍ തെന്നലായി എന്‍റ്റെ മനസ്സിനകത്തു വിരുന്നു വന്നു. ഒരോണമായ്, വിഷുവായി, എന്റെ മനസ്സില്‍, ദിനരാത്രങ്ങള്‍ സുഖകരമായ അനുഭൂതികളിലേയ്ക്കു കടന്നുപോയപ്പോള്‍...
ഒരു കര്‍ക്കടക പേമാരിയില്‍ അവന്‍ യഥാര്‍ത്ഥ രൂപമായി, കഠോരമായ നാദമായി, മനസ്സിനെ മഥിക്കുന്ന മിന്നലായ്, കോരിച്ചൊരിയുന്ന ദുഖമായി, മനസ്സിനകം തകര്‍ത്ത് എന്റെ കുടിലിനകത്ത് ഞാന്‍ സ്വരൂപിച്ചു വച്ചിരുന്ന നിധി കവര്‍ന്ന് ആരുമറിയാതെ കടന്നു പോകാന്‍ ഒരുങ്ങി.
ഉറക്കം നടിച്ചു കിടന്ന ഞാന്‍ അവന്റെ ചെയ്തികളില്‍ ഉള്ളില്‍ പുഞ്ചിരിച്ചു. അവന്‍ പൊയ്ക്കോട്ടെ, എന്റെ മനസ്സ് അവനു വേണ്ടി ഒരുക്കി വച്ചിരുന്നതെല്ലാം ഒരു നിമിഷം കൊണ്ട് ദുഖത്തിന്റെ അഗ്നിയില്‍ ചാമ്പലാക്കി. അവനറിയാതെ അവനു നല്‍കാന്‍ കരുതിയിരുന്ന, കാഞ്ചന സ്വപ്നങ്ങള്‍ അവനറിയാതെ തന്നെ ഞാന്‍ കുഴിച്ചു മൂടി. ഇനി ഒരിക്കലും അവന്‍ തിരിച്ചു വരാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. മനസ്സ് തകര്‍ത്ത അവന്‍ ഇനിയെന്റെ സ്നേഹത്തിന്‌ അര്‍ഹനുമല്ല! എന്റെ കുടിലിലേക്കുള്ള വഴി ഇനിയും അവന്‍ തിരിച്ചറിയാതിരിക്കാന്‍ ഞാന്‍ രാത്രിയിലെ ഏകാന്തതയില്‍ എന്റെ മുറ്റത്തു ഒരായിരം പിച്ചകതൈകള്‍ വച്ചു പിടിപ്പിച്ചു. പിച്ചകപ്പൂവിന്റെ സുഗന്ധത്തില്‍ അവന്റെ ലക്ഷ്യം തെറ്റുമെന്നും, വഞ്ചന ഉള്ളില്‍ സൂക്ഷിക്കുന്നവര്‍ക്ക് ആ സുഗന്ധം ഏല്‍ക്കാന്‍ ശക്തിയില്ലെന്നും ഞാന്‍ തിരിച്ചറിഞ്ഞു!

Saturday, December 29, 2007

അവന്‍ വരില്ല


അവനെ പ്രതീക്ഷിച്ച ദിനങ്ങള്‍,
എത്രയോ അകലെയാണ്‌.
അവനിനിയും വന്നില്ല.
അവന്‍ വരുമ്പോള്‍ നല്‍കാനായി,
കാത്തുവച്ചിരുന്ന പൂക്കളെല്ലാം വാടി.
പദങ്ങളെല്ലാം പഴകി.
മനസ്സും നൊന്ത് കീറി,
എന്നെങ്കിലും വരുമ്പോല്‍ ഈ മനസ് മതിയാകുമോ? ക്ളാവുപിടിച്ച എന്റെ,
ഈ മുഖം അവന്‍ ഇഷ്ടപ്പെടുമോ?
എന്റെ ഉടലില്‍ അവനുവേണ്ടി ഒന്നുമില്ലിപ്പോള്‍.
ഊഷരമായ മനസ്സും ശരീരവും മാത്രം!
ഊഷരമായ കാലത്തിന്റെ,
ഈ അടയാളങ്ങള്‍ ഒരു മാലയായി,
അവനു നല്‍കാം പക്ഷെ അവന്‍ വരില്ല,
വന്നില്ലെങ്കിലും ഇനി ഒന്നുമേ ബാക്കിയില്ല.

Friday, December 28, 2007

അകലങ്ങള്‍


എണ്ണിയാലൊടുങ്ങാത്ത കാമനകള്‍,
വന്നെന്റെ മനസ്സിന്റെ അഗാധതയില്‍,
എന്നെ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നു.
പക്ഷേ. കരകാണാകടലിന്റെ അഗാധതപോലെ,
കണ്ണെത്താത്ത ദൂരം ആകാശം നീങ്ങുന്നതു പോലെ,
അകലെ അകലെയായ് ഞാന്‍ നോക്കുന്നു.
അവിടെ ഒരുപൊട്ടുപോലെ,
'ചന്ദ്രന്‍' ഉദിച്ചുയരുന്നു.
ഒരു ശുഭ പ്രതീക്ഷപോലെ,
ഞാന്‍ നോക്കി നില്‍ക്കുന്നു.
അടുക്കുന്തോറും അകലുന്ന അകാശത്ത്,
'ചന്ദ്രനും' എന്നെ നോക്കി നില്‍ക്കുന്നു.
ഞാന്‍ അടുക്കുന്തോറും എന്നെ വിട്ട്,
അകലം പാലിക്കുന്നത് പോലെ.......
അടുക്കാനറിയാത്ത അകാശ മാനസം,
'ചന്ദ്രനെയും' അകലത്തിന്റെ,
സ്വഭാവം പഠിപ്പിച്ചിരിക്കാം.
അടുക്കാതെ അകലാന്‍ കഴിയില്ലല്ലോ?
അകന്നിട്ട് അടുക്കാനും?
എന്നാലും എന്റെ പ്രതീക്ഷകള്‍
'ചന്ദ്രനുചുറ്റും' വട്ടമിട്ടു ദീപം കണ്ട,
ശലഭത്തെ പ്പോലെ പറന്നുകൊണ്ടേയിരിക്കുന്നു!!!

Wednesday, December 26, 2007

തേടുന്നതാരേ?




ജീവിതത്തില്‍ ഞാന്‍ കണ്ടുമുട്ടിയവര്‍ക്കെല്ലാം എന്റെ മുഖഛായ മാത്രമാണുണ്ടായിരുന്നത്. അതെന്താണെന്നല്ലെ? എന്റെ മുഖസൌന്ദര്യത്തിലല്ല, എന്റെ വികാരങ്ങളിലൂടെ അവര്‍ എന്നെ, ഞാനാക്കിയവരായിരുന്നു. അല്ലെങ്കില്‍ എന്റെ മൂക്ക്, കണ്ണ്, ചുണ്ട്, ഇവ ഞാന്‍ അവരില്‍ കണ്ടു. എന്റെ ചിരി അവരില്‍ ഞാന്‍ എന്നും കണ്ടുനിന്നു. പക്ഷെ കാണാത്ത ഒരേയൊരു കാര്യം എന്റെ കരച്ചില്‍ മാത്രമായിരുന്നു താനും. അതിനും എനിക്ക് ഉത്തരം ഉണ്ട് ഏതാണെന്നല്ലെ? "കരച്ചില്‍" ഒരാളുടെ മാത്രം കൈമുതലാണ്, അതിന്റെ അളവ് ഒരാളില്‍ മാത്രം ഒതുങ്ങുന്നു. അളന്നുനോക്കാന്‍ പറ്റിയ തരത്തില്‍ എന്നില്‍ നിന്നും പുറപ്പെട്ടിരുന്നില്ല പക്ഷേ എന്റെ ഉള്ളില്‍ അവ ലാവയായി പതഞ്ഞുപൊങ്ങി ഉള്ളിലേയ്ക്കു തന്നെ ഒഴുകിത്തീര്‍ന്നു. എന്റെ മനസ്സിലും, ശബ്ദത്തിലും, ശ്വാസത്തിലും, സംസാരത്തിലുമെല്ലാം അതിന്റെ ശോകഛായ ഞാന്‍ തീര്‍ത്തെടുത്തു.ബാക്കി നീരുറവയായി ഏകാന്തതയില്‍ എന്നെ വിട്ട് അങ്ങകലെ എന്റെ അജ്ഞാത സ്നേഹിതന്റെ അരികിലേയ്ക്കു എത്തി നിന്നു. അവന്‍ എന്നും കണ്ണീരിന്റെ മാത്രം ഉടമസ്ഥനല്ലായിരുന്നു. അവന്‍, എന്റെ കാതരമായ വികാരത്തിന്റെ ആകെത്തുകയായമോഹഭംഗങ്ങളുടേയും, നടക്കാത്തമോഹാഭിലാഷങ്ങളുടേയും അത്താണി കൂടിയായിരുന്നു. അവനിലേയ്ക്കു അടുക്കാനായി ഞാന്‍ എന്നിലെ നീര്‍ക്കയത്തില്‍ ഒരു പൊങ്ങുതടിയായി എന്നും അവനിലേയ്ക്കു ഉറ്റു നോക്കി നിന്നു. ഇന്നല്ലെങ്കില്‍ നാളെ അവന്‍ വരുമെന്നു ഞാന്‍ തീര്‍ച്ചയാക്കി കാരണം, അവന്റെ ചൂരും, ചൂടും ഏറ്റുവാങ്ങാന്‍ പക്വമായ ഒരു മനസ്സ് എനിക്കല്ലാതെ മറ്റാര്‍ക്കും ഇല്ലായിരുന്നു താനും!ബുദ്ധിജീവികളുടെ കണ്ണുകളും, ബുദ്ധിഹീനന്റെ മനസ്സുമുള്ള അവന്‍ എന്റെ ആരാണ്? കടുപ്പക്കാരനായ, പുറം മോടിയില്‍ ബാലിശമായ വികാരങ്ങളെ ഉറക്കി കിടത്തിയ അവന്‍ എന്റെ മടിയില്‍ കിടക്കുവാന്‍ മാത്രം പ്രായമുള്ള എന്റെ മകന്‍ തന്നെയാണോ?അതോ പ്രായഭേദങ്ങള്‍ക്കതീതമായ, വികാരവിക്ഷുബ്ധങ്ങളില്‍ പെട്ട കാമത്തിന്റെ കാതരഭാവം, പ്രേമത്തിന്റെ മോഹനഭാവം, പ്രണയത്തിന്റെ ലജ്ജിതഭാവം, എല്ലാം മറന്ന അരോഹണാവരോഹണങ്ങളുടെ ഉജ്ജ്വല സീമകള്‍ക്കപ്പുറം മനുഷ്യമനസ്സിന്റെ അടങ്ങാത്ത വികാരങ്ങളുടെ, വിചാരങ്ങളുടെ, മാനസ്സിക ഐക്യത്തിന്റെ, സമഭാവനയുടെ, സമകാലികധീഷണസിദ്ധാന്തങ്ങളിലെ പരസ്പരം അറിഞ്ഞവരുടെ ചിന്തയിലെ സ്നേഹധനമായി എന്നിലേക്കെന്നും എത്തി നോക്കി നിന്നവന്‍....'അവന്‍' തന്നെയല്ലേ? പ്രണയത്തിനുവേണ്ടി ജീവന്‍ നഷ്ടപ്പെടുത്തിയ എന്റെ സ്നേഹിതനെ ഞാന്‍ അവനിലും കാണുന്നു. രാത്രിയിലെ ഏകാന്തതയില്‍ കൈയിലെ തൂലിക നിഷ്ക്കരുണം സ്വന്തം വരികളില്‍ അത്ഥവ്യാഖ്യാനത്തിന്റെ ചില്ലുപടികളില്‍ തലതാഴ്ത്തി നിന്നു തേങ്ങുമ്പോഴും, അകലെ ദ്രഷ്ടികളൂന്നി, മേശപ്പുറത്ത് തലചായിച്ചിരിക്കുന്ന ധീഷണശാലിയായിരുന്ന എന്റെ സ്നേഹിതനെ ഞാന്‍ അവനിലൂടെ കാണുന്നു. അവന്റെ പ്രാഗത്ഭ്യം എന്റെ ഭാഗ്യമോ നിര്‍ഭാഗ്യമോ? വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ കണ്ട ധിക്കാരി, ഇന്ന് എന്റെ സാമിപ്യം കൊതിക്കുന്ന ഒരു ശിശുവിനെപ്പോലെ നില്‍ക്കുമ്പോള്‍ എന്നിലെ മാത്‌ര്‍ത്വം അവനെ എന്റെ മനസ്സിന്റെ മാന്ത്രികവിദ്യയില്‍, എന്റെ കൈയ്യിലെ ശിശുവാക്കി മാറ്റാന്‍ ശ്രമിക്കുന്നു! പട്ടു മെത്ത വിരിച്ച എന്റെ കിടക്ക മുറിയിലെ പരവതാനിക്കരികിലെ തൊട്ടിലില്‍ അവനു വേണ്ടി ഞാനൊരുക്കിയ കിടക്കയില്‍ അവനെ മാറോടണച്ചു കിടത്താന്‍ ഞാന്‍ അല്‍പനേരമെങ്കിലും കൊതിച്ചു പോയെങ്കില്‍ അതിലും തെറ്റു കാണാന്‍ ആര്‍ക്കും കഴിയില്ല രാത്രിയുടെ ഏകാന്തയാമത്തില്‍ ശിശുവായ എന്റെ മാനസപുത്രനെ ഉറക്കം വരാത്ത സമയങ്ങളില്‍ അടുക്കല്‍ കിടത്തി മുലയൂട്ടിയുറക്കുന്നത് സ്വപ്നത്തിലും, യാഥാര്‍ത്ഥ്യത്തിലും ഞാന്‍ അനുഭവിക്കുന്നു. പ്രിയപ്പെട്ട സ്നേഹിതാ, നിനക്ക് നല്‍കാന്‍ കഴിയാതിരുന്ന സ്നേഹം ഞാനിന്ന് അവന്‌ നല്‍കുന്നു!എന്നിലെ സുരക്ഷിതത്വം കാംക്ഷിച്ചു എന്റെ മാറില്‍ തല ചേര്‍ത്തുറങ്ങുന്ന എന്റെ മാത്രമായ അവനെ ഞാന്‍ അല്‍പ്പനേരമെങ്കിലും നോക്കി കിടക്കട്ടെ! നാളെ നേരം പുലരും വരെ എന്റേതുമാത്രമായി അവന്‍ സുഖമായി ഭയമില്ലാതെ ഉറങ്ങട്ടെ!

Monday, December 24, 2007

അകലങ്ങളില്‍




കഥ കവിതയായി, കൊണ്ടിരിക്കുമ്പോള്‍ കവിത,
കഥയായി കൊണ്ടിരിക്കുന്നു.
ഞാനെന്ന കഥ മരുപ്പച്ച തേടി അലയുന്നു.
അകലെ,എത്താത്ത ദൂരങ്ങളില്‍,
ആ മരുപ്പച്ച തേടി അലയുന്ന എന്റെ ജന്മം,
ആ മരുഭൂമിയെമാത്രം തിരിച്ചറിയുന്നു!
പച്ചപ്പുല്‍നാമ്പ് കാണാത്ത മരുഭൂമിയില്‍,
നീര്‍ത്തടാകം സ്രഷ്ടിച്ച മനുഷ്യന്റെ,
തീരാത്ത മോഹങ്ങളെയും ഞാന്‍ വെറുതെ ഓര്‍ക്കുന്നു.
നീറുന്ന നോവിലും, തീരാത്ത ആഗ്രഹങ്ങളിലും,
കാമനകള്‍ മെനഞ്ഞെടുക്കാന്‍ കഴിയുന്ന,
മനസ്സ് മനുഷ്യന്റേതു മാത്രമല്ലെ?
ശക്തിയുടെ പര്യായമായും, പ്രതീക്ഷയുടെ,
നിറ കുടമായും വ്യാമോഹങ്ങളുടെ,
വരദാനങ്ങളായി അവര്‍,
അലഞ്ഞുകൊണ്ടേയിരിക്കുന്നു..... ഒപ്പം ഞാനും!!

Sunday, December 23, 2007

സമര്‍പ്പണം


എന്റെ സ്നേഹത്തെ, അള്ളാഹുവിനും,
പ്രേമത്തെ യേശുദേവനും ഞാന്‍
കാഴ്ച്ചവയ്ക്കാം, ഇവിടെ ഈ നിമിഷം!!!
പിന്നെ പ്രണയത്തിന്റെ പരിവേഷം
എന്നില്‍ ഉണ്ടാകുകയില്ലല്ലോ?
സീതയായ് രാമനെ നോക്കിനില്‍ക്കാം!
പിന്നെ ഒരു വേണുവുമായ്,
കണ്ണന്‌ മുമ്പില്‍ എത്തേണ്ടതില്ലല്ലോ?
മോഹങ്ങള്‍ എല്ലാം ഞാന്‍,
ഹോമകുണ്ഡത്തില്‍ നിക്ഷേപിക്കാം,
പിന്നെ സന്യാസിമാരെ ഞാന്‍,
നിരാശപ്പെടുത്തേണ്ടതില്ലല്ലോ?
ഞാനെന്റെ സ്ത്രീത്വത്തെ,
ആര്‍ക്കാണ്‌ ബലിആര്‍പ്പിക്കേണ്ടത്???
എന്നെ അറിയാന്‍ ശ്രമിക്കുന്ന,
പുരുഷനെയോ???
എന്നെ,പരിഹസിക്കുന്ന
സുഹ്റത്തിനെയോ?
എന്നെ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന,
കൂട്ടുകാരെയോ?
എന്നെ സ്നേഹിക്കുന്ന,
പ്രിയനെയോ?
എന്റെ മടിയില്‍ തല ചായ്ക്കാന്‍,
ആഗ്രഹിക്കുന്ന യുവത്വത്തിനെയോ?
എന്നെ വേദനിപ്പിക്കുന്ന കാമുകനെയോ?
പുരികം ചുളിക്കുന്ന സമൂഹമനസ്സിനെയോ????

Saturday, December 22, 2007

അവള്‍


അവള്‍ ഏങ്ങലടിച്ചു കരയുന്നുണ്ടായിരുന്നു..........
പക്ഷെ, കണ്ണുനീര്‍ പുറത്തുകാട്ടാന്‍
അപ്പോഴും അവള്‍ തയ്യാറാവുന്നില്ലായിരുന്നു.
കമിഴ്ന്നു കിടന്നു കരയുന്ന അവളുടെ അരികില്‍,
അവളെ ചേര്‍ന്നിരുന്നപ്പോള്‍...
അവളുടെ മെയ് തലോടിയപ്പോള്‍....
അവളുടെ സ്നേഹത്തിന്റെ ചൂട്!
പ്രണയത്തിന്റെ കുളിര്!
വിരഹത്തിന്റെ തണുപ്പ്!
എല്ലാം എന്റെ കൈകള്‍ മനസ്സിലാക്കി തന്നു.
എന്താണ്‌ നീ ഇങ്ങനെ?
സമാധാനിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍,
അവള്‍ മുഖം തിരിച്ച് എന്നെ നോക്കി......
ആ കണ്ണുകളില്‍......
അറിയാത്ത കാമുകന്റെ,
അകലങ്ങളിലെ സ്നേഹത്തിന്റെ
കാണാത്ത പ്രണയത്തിന്റെ,
വാക്കുകളിലെ പ്രേമത്തിന്റെ,
വികാര തീവ്രത നിറഞ്ഞുനിന്നിരുന്നു.
ആരെയാണ്‌ നീ പ്രേമിച്ചത്?
ഞാന്‍ വീണ്ടും അവളുടെ കണ്ണുകളില്‍ നോക്കി.....
ശബ്ദ്ത്തെ, അവള്‍ മൊഴിഞ്ഞു,
സ്നേഹത്തെ, ചിത്രത്തെ
ഞാന്‍ വീണ്ടും നോക്കി പെണ്‍കുട്ടീ.......
നീ വിശ്വസിച്ചു......, ലോകം നിന്നെ വഞ്ചിച്ചു......
ഞാനൊന്നു നെടുവീര്‍പ്പിട്ടു,
നിന്റെ സ്നേഹം, വിശ്വാസം,
പ്രണയം, കാമം, മോഹം
എല്ലാം നീ ആ ചിത്രത്തിനു നല്‍കൂ....
അത് യുവത്വത്തിന്റെ പ്രതീകമാണ്‌
അവന്‍ സുന്ദരനാണ്‌, കാമുകനാണ്,
അവന്‍ യുവാവുമാണ്‌. പക്ഷെ,
അത് പ്രതിരൂപം മാത്രം.
ജീവനുള്ളവരെക്കാള്‍ എത്രയോ ആത്മാര്‍ത്ഥത
പ്രതിരൂപങ്ങള്‍ കാണിക്കുന്നു.
അവ അപ്രത്യക്ഷമാകുന്നില്ലല്ലോ?
നിനക്ക് അവയെ തലോടാം, പ്രേമിക്കാം,
ചുംബിക്കാം, പരിഭവിക്കാം. മതി!!!
അത്ര മാത്രം നിന്റെ പ്രണയം
ഇനി ആരോടും വേണ്ട ഒരിക്കലും.....
അവളെ മാറോടണയ്ക്കുമ്പോള്‍ ഞാന്‍
എന്നെ നോക്കി ഈ ഉപദേശം ആരോടാണ്‌?
എന്നോട് തന്നെയല്ലേ??

Friday, December 21, 2007

ഗംഗാസ്നാനം


ഗംഗാസ്നാനത്തിനെത്തി നില്‍ക്കുന്ന
എന്റെ മനസ്സ് സകലപാപങ്ങളെയും
ഇവിടെ കഴുകി മനസ്സാക്ഷിയെ
ശുദ്ധീകരിക്കാനൊരുങ്ങുന്നു
അപ്പോള്‍ ഇവിടെ ജടിലവികാരങ്ങള്‍ക്ക്
എന്റെ ഉള്ളില്‍ സ്ഥാനം നഷടപ്പെന്നുവെങ്കില്‍
അതെന്റെ കുറ്റം കൊണ്ടല്ല.
ഞാനിന്നലെ വരെ എന്തായിരുന്നുവോ,
അത് തന്നെ നാളെയാവണമെന്നില്ല.
എന്റെ ഇന്നിന്റെ, പ്രസക്തി
എന്താണെന്നറിയാതെ ഞാന്‍ ഗംഗാസ്നാനം നടത്തുന്നു.
പുണ്യനദിയില്‍ മുങ്ങിനിവരുമ്പോള്‍
ഞാന്‍ എന്ന മിഥ്യാ സങ്കല്പത്തിന്റെ
മറ നീങ്ങി എന്നിലെ വികാരങ്ങള്‍
തിരിച്ചറിവിന്റെ പാതയില്‍
എന്റെ ഇന്നലെകളില്‍ എന്നോട്
വഞ്ചന കാട്ടിയവര്‍ക്ക് നേരെ പുഞ്ചിരിക്കും
കാരണം, ഞാന്‍ ഇനി പകപ്പോക്കലിന്റെ,
വികാരപ്രകടനങ്ങളുടെ എല്ലാം
അതിര്‍ വരമ്പുകള്‍ക്കപ്പുറം എന്റെ ഉണ്മയെത്തേടി
എന്നിലെ ആത്മാവിന്റെ
സത്യത്തെ മാത്രം സ്നേഹിക്കുന്നു.
ഇനിയും ഒരു ജനിക്കാത്ത സൌഹ്റദത്തിന്റെ
പരിശുദ്ധിയെത്തേടി അലയുന്നില്ല കാരണം
എല്ലാ ബന്ധങ്ങളും സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളാണ്‌!!!!

Thursday, December 20, 2007

മായാമയൂരം


മായാമയൂരമെ, കാഴ്ചബഠഗ്ളാവില്‍ ബോറടിച്ചെങ്കില്‍
എന്റെ കണ്ണുകളിലേക്ക്, മനസ്സിലേക്കൊന്ന് നോക്കു......
കദനം ഒരു ഭക്ഷണപ്പൊതിയായി വേണമെങ്കില്‍ തരാം.
വേണ്ട, കദനം ഭാരമാണ്‌ എന്റെ കണ്ണുകള്‍ക്ക്
ചുറ്റുമുള്ള കറുത്ത പാട് നീ കണ്ടോ
കറുപ്പ് പോരെങ്കില്‍ പറയണം.
കുറച്ച് ദുഖം കൂടി ഭക്ഷിച്ച് കറുപ്പ് കൂട്ടാം.
ഒരു ദൂത് പോകാമോ ഒരു പ്രണയ ദൂത് തന്നെ!
വേണ്ട ഇത് ശകുന്തളയുടെയോ ദുഷ്യന്തന്റെയോ കാലമല്ലല്ലോ? പ്രണയദൂതായി പോകാന്‍ മാത്രം പ്രണയമെവിടെ?
പ്രണയിക്കാന്‍ നേരവുമില്ല ദൂതിന്‌ പോകാന്‍ ആളുമില്ല.
പ്രിയമയൂരമേ, പൊറുക്കു ഞാനൊന്നും ചോദിച്ചില്ല
എനിക്ക് നിന്റെ സ്നേഹം മാത്രം മതി.....

Wednesday, December 19, 2007

നീ എന്ന അറിവ്


നീ ഉത്കണ്ഠയാണ്, ഭയമാണ്‌,
നീ സുഖവും സന്തോഷവുമാണ്‌,
നീ വികാരമാണ്‌, വിചാരമാണ്,
അഭിനിവേശമാണ്‌, ആവേശവുമാണ്‌,
നീ അറിവാണ്‌, ജ്ഞാനമാണ്‌,
അഗാധമായ ചിന്തയും സ്നേഹവുമാണ്‌.
നീ അരികിലാണ്‌........ അകലെയുമാണ്‌
നിന്നെ, ഞാന്‍ അറിഞതുപോലെ
മറ്റൊരാളും അറിഞ്ഞിരിക്കുകയില്ല.
അകലെനിന്നാണെങ്കിലും.........
നീ എന്റെ അരികിലെത്തുന്നു....... നിത്യവും........
നീ ഞാന്‍ തന്നെയാണ്‌;
ഞാന്‍ നിന്നിലൂടെ ജനിച്ചുകൊണ്ടേയിരിക്കുന്നു.
ഒരിക്കലും അകലാതെ, ഒരിക്കലും പിരിയാതെ,
നിന്റെ അറിവിന്റെ വെളിച്ചം,
നിന്റെ പാണ്ഡിത്യം, നിന്റെ സിരകളിലോടുന്ന
ഉണര്‍വിന്റെ തുടിപ്പുകള്‍, നിന്റെ ഹ്രദയ സ്പന്ദനം
എല്ലാം ഞാനെന്നുള്ളില്‍ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു......
നീ ബാല്യമാണ്‌, കൌമാരമാണ്,
യൌവനമാണ്, നീ വാര്‍ദ്ധക്യവുമാണ്‌!
നിനക്ക് മരണമില്ല, ജനനവും!
നീ അനശ്വരനാണ്‌! നീ പ്രേമമാണ്‌,
പ്രണയവുമാണ്‌ നിനക്കും എനിക്കും
ഒരിക്കലും വേര്‍പിരിയലുണ്ടാകയില്ല!!!

Tuesday, December 18, 2007

ഇന്ന്


നമ്മെ,തേടിവരുന്നനല്ല വാക്കുകളെ
നാം അറിയുന്നില്ല കിട്ടാത്തവയ്ക്കുവേണ്ടി
നാം ശാഠ്യം പിടിക്കുന്നു.
അവയെ അവയുടെവഴിക്ക് വിടാം.
നമ്മെ പിന്‍തുടരുന്ന കണ്ണുകളെ
നാം കണ്ടില്ലെന്ന് നടിക്കുന്നു.
പക്ഷെ അനേകദിവസത്തിനുശേഷം
അവയെ കാണാതിരിക്കുമ്പോള്‍,
നാം അന്വേഷിക്കും നാം തെരഞ്ഞുതുടങ്ങും!
ആ കണ്ണുകളെ, അതെവിടെ ഇനി വരില്ലെ?
ഇന്നലെകളെ പറ്റി ചിന്തിക്കാതിരിക്കാം.......
ശരി, കഴിഞ്ഞതു കഴിഞ്ഞു. അല്ലേ?
നാളെയെ നോക്കിയിരിക്കാം, അതും ശരിയാണ്.
നമുക്കറിയില്ലല്ലോ നാളത്തെ ചിന്തകള്‍?
അപ്പോഴും തോറ്റു പിന്‍മാറുന്നൊരാളുണ്ട്,
ആരായിരിക്കും അവന്‍............
അവനാണ്‌ "ഇന്ന്"!!!
ഇന്നിന്റെ പ്രസക്തി ഇന്നു മാത്രം!
അതൊരിക്കലും കടന്നുപ്പോയാല്‍ തിരിച്ചുവരില്ല!!!!

Sunday, December 16, 2007

എന്റെ സൂര്യന്‍


ഞാനാരേയും ആകര്‍ഷിക്കാറില്ല, കാരണം
ഞാന്‍ സൂര്യനല്ല എന്നതു തന്നെ.
എനിക്കു പ്രകാശമില്ല, ജ്വലിക്കുന്ന രശ്മികളില്ല,
ഏഴു നിറങ്ങള്‍ കാട്ടാന്‍ കഴിയുന്നുമില്ല.
പക്ഷെ ഒന്നറിയാം., സൂര്യതേജസ്സില്‍ തപിക്കുന്ന,
സൂര്യനെ മോഹിക്കുന്ന ഒരു മനസ്സെനിക്കുണ്ട്!
സൂര്യന്‍, ആര്‍ക്കും മോഹിക്കാവുന്ന ഒരു ദിവ്യ തേജസ്സ്!
ആരെയും കൊതിപ്പിക്കുന്ന സൌന്ദര്യം!
അവനില്ലാതെ ലോകമില്ല, കാഴ്ചയില്ല,
രാവും പകലും ഉണ്ടാകുന്നില്ല,
പൂക്കള്‍ ചിരിക്കുന്നില്ല, കരയുന്നില്ല,
ജീവജാലങ്ങള്‍ക്ക് അനക്കവുമില്ല!
എന്നും തമസ്സില്‍ കഴിയുവാന്‍ വിധിക്കപ്പെട്ട
ജന്മങ്ങള്‍ക്ക് അവന്‍ ദൈവമായ് എത്തുന്നു.
എന്റെ രാവുകളെ നട്ടുച്ചയാക്കുന്ന,
അഗ്നിയില്‍ പൊള്ളിക്കുന്ന, സൂര്യാ......
നീ എന്റെ പ്രഭാതങ്ങളെ, മോഹിതമാക്കുമ്പോള്‍...........
എന്റെ സന്ധ്യകള്‍ നിനക്കുവേണ്ടി നിറദീപമായ്............
നിന്നില്‍ ലയിക്കാന്‍ ശ്രമിക്കുന്നു.
ഒരു സന്ധ്യാരാഗമായി അവ എന്റെ
മനസ്സില്‍ നിന്നെ കുറിച്ചോര്‍ത്തു,
നിന്റെ അസ്തമയം ഉണ്ടാകാതിരിക്കാന്‍ കൊതിക്കുന്നു.
കാരണം നീ, അസ്തമിക്കരുത്.........
പ്രപഞ്ചം ഉറങ്ങട്ടെ, അവള്‍ ഉണരുമ്പോള്‍
നിന്നെ കാണാന്‍ കാത്തിരിക്കേണ്ടിവരില്ലല്ലോ????

Thursday, December 13, 2007

ഇരട്ടകള്‍


‍ആകാശനീലിമകള്‍ക്കപ്പുറം നോക്കാതെ,
അഗാധമായ നീലക്കടലിനുമപ്പുറം നോക്കാതെ,
അഗ്നിയുടെ വിശുദ്ധിയില്‍ ലയിക്കാതെ,
വായുവെന്ന മഹാദ്ഭുതത്തിലേക്ക് ഇറങ്ങിചെല്ലാതെ
ഞാന്‍ എന്റെ ആത്മാവിനെ എങ്ങനെ കാണും????
അവള്‍ എന്റെ, എന്റെ തന്നെ പ്രതിരൂപമായ ഞാന്‍,
എന്റെ സ്വഭാവം, സൌന്ദര്യം, ബുദ്ധി, ശക്തി
എല്ലാം ഞാന്‍ തന്നെ. പിന്നെ അവളോ?
ഞങ്ങള്‍ രണ്ടല്ല ഒന്ന്. ഒന്നായ ഒന്ന്.
ഞാനില്ലാതെ അവളില്ല അവളില്ലാതെ ഞാനില്ല.
ഒരമ്മയുടെ ഗര്‍ഭപാത്രത്തില്‍ ജനിച്ച
ഒരു ജീവന്റെ രണ്ട് അംശങ്ങളോ?
എന്റെ മനസ്സില്‍ തോന്നുന്ന
വികാരങ്ങള്‍ അവളിലും ഉണ്ടാകുമോ?
ഞാനറിയുന്ന രഹസ്യം അവളറിയുമോ?
ഇല്ല അപ്പോള്‍ പിന്നെ? പ്രക്‌ര്‍തിയുടെ രഹസ്യം!
പ്രപഞ്ചത്തിന്റെ രഹസ്യം!
പിന്നെ നാം അറിയാത്ത ജീവന്റെ രഹസ്യം!
അതാണ്‌ ഞങ്ങള്‍ ഇരട്ടകള്‍!!!!!!!!!

Tuesday, December 11, 2007

ഒരു പക്ഷി വിവാദമുണ്ടാക്കുന്നു




ഇന്നലെയും ആ പക്ഷി വന്നു പേരറിയാത്ത
ആ പക്ഷിയുടെ നോട്ടങ്ങളില്‍ എന്തോ പന്തികേടുണ്ടായിരുന്നു.
പറന്നുപോയ പക്ഷി ഇന്നലെ വീണ്ടും വരുകയായിരുന്നു.
പക്ഷി വന്നാലുടനെ ഇലഞ്ഞിമരത്തിനു ചുറ്റും പറക്കും.
കുട്ടികള്‍ക്ക് ഇത് ഹരമായി.
അവര്‍ പക്ഷിയെ ഓടിച്ചു വിട്ടു.
എന്നാല്‍ രാത്രിയിലും പക്ഷി വരുകയാണുണ്ടായത്.
പക്ഷിക്ക് ഉറക്കമില്ലെന്ന് തോന്നുന്നു!
രാത്രിയില്‍ ഇലഞ്ഞിമരത്തിനുചുറ്റും പറന്നാല്‍, എന്താണ്‌ പ്രയോജനം??? പ്രയോജനമില്ലാതെ മനുഷ്യര്‍ പറക്കാറില്ലല്ലോ.
പക്ഷി മനുഷ്യരുടെ ചോദ്യങ്ങളൊന്നും കേട്ടില്ല;
പറന്നുകൊണ്ടേയിരുന്നു............
എന്നാല്‍ സഹികെട്ട് ചിലര്‍ പക്ഷിയെ വധിക്കാന്‍ തിരുമാനിച്ചു. തോക്കെടുത്തു കാഞ്ചി വലിച്ചതും പക്ഷി അപ്രത്യക്ഷമായ്.
രണ്ടുദിവസം കഴിഞ്ഞു വീണ്ടും വന്ന പക്ഷി,
മരക്കൊമ്പില്‍ വൈദ്യുതാഘാതമേറ്റു, മരിച്ച് തൂങ്ങികിടന്നാടുന്നുണ്ടായിരുന്നു!!!!!!!!!

Monday, December 10, 2007

നിത്യസത്യം!



ജീവിത പന്‍ഥാവില്‍ കടപുഴകിവീണ അഗാധമായ
വികാരങ്ങളില്‍ ഞാന്‍ ആവുംവിധം
ചാരിനിര്‍ത്താന്‍ ശ്രമിക്കുന്ന വികാരമാണ്‌ എന്റെ പ്രണയം.
അതു ഇന്നലെത്തെപ്പോലെ എന്നെ നോക്കി ഇന്നും
ചിരിച്ചു പിരിയാന്‍ തുടങ്ങുമ്പോള്‍ ഞാന്‍
ഓടിച്ചെന്നു തടസ്സം സ്രുഷ്ടിച്ച് അവയെ
പുറത്തുവിടാന്‍ വിസമ്മതിക്കുന്നു!!!
എന്റെ ദുഃഖം എനിക്കു മാത്രം സ്വന്തം,
അവയെ ഞാന്‍ എന്റെ മനസ്സാകുന്ന
തടവറയില്‍ പൂട്ടിയിട്ടു വാതായനങ്ങള്‍
അടച്ച് ഭദ്രമാക്കി വയ്ക്കും.
വെളിച്ചമില്ലാതെ, വെള്ളമില്ലാതെ, ആഹാരമില്ലാതെ,
ഉടുതുണിമാറാന്‍ നിര്‍വ്വാഹമില്ലാതെ,
എന്റെ ചിന്തകള്‍ നേര്‍വഴിയിലോട്ടു
പോകുമെന്ന് ഞാന്‍ സങ്കല്പിക്കുന്നു!
പക്ഷേ.... പ്രതീക്ഷകളെ തകര്‍ത്തുകൊണ്ടു
എന്റെ ചിന്തകള്‍ ഉടുതുണി ഉപേക്ഷിച്ച്,
നഗ്നരായിനിന്നു, എന്നോടു പ്രതിക്ഷേധിക്കാന്‍
എത്തുമെന്ന് ഞാനൊരിക്കലും വിചാരിചിരുന്നില്ല.
കാരണം തടങ്കല്‍ വാസം കഴിഞ്ഞു
പുറത്തുവരുന്നവ മര്യാദക്കാരായി എന്റെ
വാക്കുകളെ അനുസരിക്കുന്ന
ചിന്തകളായിരിക്കുമെന്ന് ഞാന്‍ കരുതിപ്പോയി!
മനസ്സെന്ന കടുപ്പക്കാരി ആരുടെ മുന്നിലും
തോറ്റുപിന്‍മാറുകയില്ലെന്ന് അന്നു ഞാന്‍ തിരിച്ചറിഞ്ഞു!!
വാശിപിടിച്ച കുട്ടിയെപോലെ

പൂഴിമണലില്‍ കിടന്നുരുണ്ടു കരയുന്ന
അവള്‍ എന്റെ ആത്മാവിനെ കടല്‍കരയില്‍
സ്വസ്ഥമായിരിക്കാന്‍ അനുവദിച്ചില്ല...
ഞാന്‍ അനന്തതയില്‍.... ചക്രവാളത്തില്‍,
നോക്കിയിരിക്കുമ്പോള്‍ അവളെന്റെ മനസ്സിനെ,
ശ്രദ്ധയെ, മാറ്റിക്കൊണ്ടിരുന്നു.
ഞാന്‍ വീണ്ടും നടന്ന് കടല്‍ വെള്ളത്തില്‍
കാലൂന്നിനിന്നു അപ്പോള്‍ ആശ്വസിപ്പിക്കാനെന്നമട്ടില്‍,
അവള്‍ എന്റെ പാദത്തില്‍ ഒരു കുളിരായി കടന്നുവന്നു.
എന്റെ മനസ്സ് കുളിര്‍പ്പിച്ചു ശാന്തമാക്കി.....
എന്നെ, കൈപിടിച്ച്..... കടലിന്റെ അഗാധതയിലേക്ക്..............
കൂട്ടിക്കൊണ്ടു പോകുകയായിരുന്നു!!!!!!

Saturday, December 8, 2007

ഞാന്‍




അനേകം പേര്‍, എന്റെ ജീവനാകാന്‍, മത്സരം വച്ചു കുതിച്ചു!
തമസ്സില്‍ ഞാന്‍, ‍ഞാനറിയാതെ, ആളറിയാതെ,
രൂപവും ഭാവവും അറിയാതെ, ഒളിഞ്ഞിരിക്കുകയായിരുന്നു!
അപ്പോഴൊന്നും ഞാനറിഞ്ഞിരുന്നില്ല, ഞാനെവിടെയാണ്‌???
ഞാന്‍ കണ്ണടച്ചിരിക്കുകയായിരുന്നു,
ഉറക്കത്തില്‍ ഞാനെന്റെ ആത്മാവുമാത്രമായിരുന്നു!
ശരീരം അന്വേഷിച്ച ഞാന്‍, നിരാശയായി,യിരിക്കുകയായിരുന്നു.
എന്നെ ഒളിഞ്ഞിരിക്കാന്‍ അനുവദിച്ച സ്നേ്‌ഹമയിയെ
ഞാന്‍ കണ്ണടച്ചിരുന്നപ്പോഴും സ്നേഹിച്ചിരുന്നു!
പെട്ടെന്നു വന്ന ഒഴുക്കില്‍, ഞാന്‍ മലക്കം മറിഞ്ഞു.
സ്വപ്നമോ? മിഥ്യയോ? ഭൂമികുലുക്കമോ???
ഞാന്‍ പകച്ചു!!! അപ്പോഴും ഞാനറിഞ്ഞിരുന്നില്ല,
ഞാനെവിടെയാണെന്ന്? എന്റെ പുറം തുളച്ച്
എന്നില്‍ ജീവന്‍ പെട്ടെന്ന് വന്നു ചേര്‍ന്നു!
അതെന്നില്‍ ചേരാന്‍ കുതിച്ച വരില്‍ ഒരാള്‍ മാത്രമായിരുന്നു!
ഞാന്‍ ഞെട്ടി കണ്ണുതുറന്നു, എന്ത്?
എനിക്ക് ഉണര്‍വ്വു കിട്ടിയോ? ഞാന്‍ ശക്തയായി!!!
ഞാന്‍ നോക്കി എന്നെ ചുറ്റിയ തമസ്സില്‍,
അന്ധകാരത്തിന്റെ നടുവില്‍, ഞാന്‍ ശ്വാസത്തിന്റെ താളമറിഞ്ഞു!!! ഹ്‌റദയത്തിന്റെ സ്പന്ദനം അറിഞ്ഞു!!!
ഞാന്‍ നിമിഷം പ്രതി വളരാന്‍ തുടങ്ങി!!!
എന്ത്? ഞാനാരാണ്? എനിക്ക് ശരീരം ഉണ്ടായിത്തുടങ്ങിയിരിക്കുന്നു!
എന്നില്‍ വളര്‍ച്ചയുണ്ടായിരിക്കുന്നു!
ഞാന്‍ ഞാനായി രൂപം പ്രാപിച്ചുകഴിഞ്ഞിരിക്കുന്നു !
സന്തോഷം കൊണ്ടു ഞാന്‍ തുള്ളിച്ചാടി!!!
കൈകാലിളക്കി....... ഇനിയും എത്ര നാള്‍ ഞാനിവിടെ???
എനിക്ക് പുറത്ത് കടക്കണം, ഞാന്‍ വീണ്ടുമിളകി....
എന്റെ പുറം മ്‌റുദുലമായ കരങ്ങള്‍കൊണ്ടുള്ള തലോടല്‍ അറിഞ്ഞു! ആരായിരിക്കും? കൈകളെന്നെ തൊട്ടില്ലെങ്കിലും
ആ സുഖം ഞാനറിഞ്ഞു, ആ തലോടല്‍ ആരുടെതായിരിക്കും, ദൈവത്തിന്റേതോ??? അതെ! അതെന്റെ അമ്മയുടെതായിരുന്നു!!!

Wednesday, December 5, 2007

വംശവ്റക്ഷം


ഏകാന്തതയില്‍, അനേക ശബ്ദ്കോലാഹലം കേട്ടു.....
പൂര്‍ണ്ണതയിലാകട്ടെ, അപൂര്‍ണ്ണതയുടെ....
നിരാശയുടെ നിശ്വാസങ്ങള്‍!
കണ്ണടച്ചുകിടന്നപ്പോള്‍ കണ്‍മുന്നില്‍,
ഒരായിരം നഗ്നരൂപങ്ങള്‍.....!
കണ്ണുതുറന്നാലോ..... തിരിഞ്ഞുകിടക്കുന്ന
വിദ്വേഷത്തിന്റെ പൊയ്മുഖം!
എതാണ്‌ പൊരുത്തപ്പെടാന്‍ കഴിയുന്ന നിമഷം???
പിറവിയെടുത്ത ജന്മത്തിന്റെ ആദ്യ ദിവസമോ???
ആണോ എന്ന്, രണ്ട് തവണ ആലോചിക്കേണ്ട കാര്യമില്ല!
ചോരക്കുഞ്ഞിന്റെ സ്പര്‍ശത്തില്‍ ആഹ്‌ളാദിച്ച,
കുഞ്ഞിക്കരച്ചിലില്‍, ആശ്വാസം കൊണ്ട,
ജീവന്റെ തുടിപ്പുകളില്‍ വംശം ദര്‍ശിച്ച,
എന്റെ പിതാവിനെ ഞാന്‍ വീണ്ടുമോര്‍ത്തു!!!
ഒപ്പം, ഞാനെന്ന വംശവ്‌റക്ഷത്തെയും!!!

Tuesday, December 4, 2007

പല ഭാവങ്ങള്‍


സ്നേഹം, ഒരു പാല്‍ക്കടലായി മനസ്സില്‍
നിറയുമ്പോള്‍ കാമം, പതഞ്ഞു പൊങ്ങുന്ന
വീഞ്ഞായി, ചിന്തകളെ മത്തുപിടിപ്പിക്കുന്നു!
രതി ഭാവങ്ങളുണര്‍ത്തി, ,പൊങ്ങിപ്പതഞ്ഞു,
നിറഞ്ഞു കവിയുമ്പോള്‍... മനസ്സില്‍ ഒന്നും
അവശേഷിപ്പിക്കാതെ ഒഴിഞ്ഞുപോകുന്നു....
ഓര്‍മ്മകളായ്.... ഇതില്‍ ഏതു ഭാവവും,
ഏതു വികാരങ്ങളും, മനസ്സിനെ ഉന്മത്തമാക്കുകയും, തിരിച്ചറിയിക്കുകയും ചെയ്യുന്നു....
ഓരോ കാലങ്ങളില്‍, ഓരോ ഭാവങ്ങളായ്.....
അവ വികാരമായ്..... വരുന്നു!
പൊള്ളയായ വികാരങ്ങളുടെ, ശൂന്യതയെയും.....
വ്യാപ്തിയുള്ള, വിചാരങ്ങളുടെ ഗഹനതയെയും.....
എന്നും മുന്നില്‍ കാട്ടിത്തരുന്നു......
എങ്കിലും പ്രണയം സുന്ദരമാണ്!
ചിലതെല്ലാം ത്യജിക്കുവാന്‍ കഴിയുമെങ്കില്‍!!!!!

Monday, December 3, 2007

വസന്തം


വസന്തങ്ങളുടെ ബീജം ഒരോ സത്രീയും പേറുന്നുണ്ട്.
ആണിന്റെ സാമിപ്യമില്ലെങ്കിലും കുന്തിയെപ്പോലെ,
സൂര്യനെയും കാറ്റിനെയും പ്രണയിച്ചു പ്രസവിക്കണം.
ഒരു കര്‍ണ്ണ്നെ പ്രസവിക്കാന്‍ ഏത് സത്രീയാണ്‌ മോഹിക്കാത്തത്?
സൂര്യന്റെ ഭാര്യയാകാന്‍, ഒരു നിമിഷമെങ്കിലും മോഹിക്കരുതോ???വരുണനും അഗ്നിയുമെല്ലാം നല്ല കന്യകമാരെ,
സത്രീകളെ അന്വേഷിക്കുന്നതു കേട്ടു.
പ്രായം നോക്കാതെ ഉള്ളിലെ കന്യകയെ
വരുണനും അഗ്നിക്കുമായി സമര്‍പ്പിക്കുവാന്‍ മോഹം!
വരുണന്റെയും അഗ്നിയുടെയും കുട്ടികളെ
പ്രസവിക്കാനും, വളര്‍ത്താനും, പെണ്ണിന്റെ
ഉള്ളില്‍ ഈ പ്രക്രതി ദൈവങ്ങളുടെ ബീജമുണ്ട്!!!!!

Sunday, December 2, 2007

ആത്മീയവാദി


തോറ്റുകൊടുക്കാനായിരുന്നു എന്റെ വിധി.
വിജയത്തിന്റെ പടികള്‍പോലെതോല്‍വിയുടെ
പടവുകളും എണ്ണിയെടുക്കാന്‍ ശ്രമിച്ചു.
തോല്‍ക്കുമ്പോഴാണ്‌ ഞാന്‍ എന്നെ ശരിക്കും കണ്ടത്
തോല്‍വികളിലൂടെ ഞാന്‍ എന്നെ തിരിച്ചറിഞ്ഞു.
ഞാന്‍ അത്മീയവാദിയായത് ഇങ്ങനെയാണ്.