Wednesday, February 27, 2008

ഒരു ദുഃഖം


കോരിച്ചൊരിയുന്ന,മഴയിലും ഞാന്‍ വിയര്‍ത്തുകൊണ്ടിരുന്നൂ..
എന്റെ ചുറ്റും,ചൂടുവ്യാപിക്കുന്നതുപോലെ....
നീറുന്ന,മനസ്സിന്റെ വേദന പങ്കുവയ്ക്കാന്‍ ആരുമില്ലാതെ,
ഞാന്‍ എന്റെ ഉള്ളില്‍ തന്നെ അവയെ സംസ്ക്കരിച്ചു
ഒരോ കാറ്റ് വീശുമ്പോഴും അവയിലെ ഭസ്മം കാറ്റില്‍ പറന്ന്,
എന്റെ പുറത്ത് പൊഴിഞ്ഞുകൊണ്ടിരുന്നു....
കണ്ണുകള്‍ കലങ്ങാതിരിക്കാന്‍ ഞാന്‍,
തെളിനീര്‍ നോക്കിനടന്നു....
തെളിനീരില്‍ കണ്ണ് കഴുകാന്‍ ഞാനാഗ്രഹിച്ചു
ദുഃഖം ആ വെള്ളത്തില്‍ അലിഞ്ഞു പോകുമെന്ന് ഞാന്‍ കരുതി.
പക്ഷെ തെളിനീര്‍ എന്റെ കണ്ണുനീരിനോട് ചേര്‍ന്ന്,
കലങ്ങിയവെള്ളമായി ഒഴുകിത്തുടങ്ങി...
എന്തേ ഇത്ര ദുഃഖം?
ഇളം കാറ്റ് എന്നോട് ചോദിച്ചു!
ഉത്തരമില്ലാതിരുന്നു എനിക്ക്..
ശ്മശാനങ്ങളിലും, ദുഃഖിതരിലും പട്ടിണിപ്പാവങ്ങളിലും,
തഴുകിത്തളര്‍ന്നു വന്ന നിനക്ക് ദുഃഖമില്ലേ?
ഞാന്‍ അതിശയത്തോടെ ചോദിച്ചു!
അവളും കരഞ്ഞു തുടങ്ങി.
ശരിയാണ്,
ഒരു കൂട്ടു കിട്ടാതെ, ഒന്നു മിണ്ടാതെ,
ഞാന്‍ ദുഃഖം ഒളിപ്പിച്ചിരിക്കുകയായിരുന്നു...
ഇനി വയ്യ ...
അവള്‍ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു തുടങ്ങി.....

Sunday, February 24, 2008

ചായം തേച്ച രൂപങ്ങള്‍


ചായം കലര്‍ത്തി വരച്ചതെല്ലാം,
പേടിപ്പിക്കുന്ന രൂപങ്ങളായി
കാന്‍വാസില്‍നിറയുകയാണ്!
സുന്ദരമാക്കാന്‍‍ശ്രമിച്ചപ്പോഴെല്ലാം
പിശാചുക്കള്‍ബ്രഷിലൂടെ
ഒലിച്ചിറങ്ങി ക്കൊണ്ടിരുന്നു!
വര്‍ണ്ണങ്ങള്‍ക്ക് പിന്നിലൊളിച്ചിരുന്ന
ലോകത്തെ വിക്‌റതമാക്കുന്നതാരാണ്?
വര്‍ണ്ണങ്ങളേതെങ്കിലും ഭീകരയാഥാര്‍ത്ഥ്യത്തിന്റെ
പിന്മുറക്കാരോ, പ്രതിനിധികളോ?
ജീവനില്‍നിറം പിടിക്കാതിരിക്കാന്‍
ഞാന്‍ബ്രഷ് കഴുകി സൂക്ഷിച്ചു.
മനുഷ്യവികാരങ്ങള്‍ക്ക്
പച്ചനിറം ഉണ്ടോ?
പ്രക്‌റ്തി പച്ചയാണോ?
പ്രക്‌റ്തിയുടെ പച്ചയും
വേഷ പ്രച്‌ഛന്നതയാണോ?
ചായം തേച്ച മുഖങ്ങളില്‍,
പൊള്ളയായ വികാരങ്ങള്‍
കാണാന്‍ പ്രയാസപ്പെടേണ്ടിവന്നില്ല.
ജീവന്റെ ചിത്രം വരയ്ക്കാന്‍
വര്‍ണ്ണം ഒന്നുമെടുക്കാതിരിക്കാം!
കാന്‍വാസില്‍ വിരിഞ്ഞത്,
ശൂന്യതയുടെ അവ്യക്തരൂപങ്ങള്‍!
മുഖംമൂടി ദൂരെയെറിയുന്ന,
ആത്മാവിനെ തേടുന്നത്
എപ്പോഴും സാഹസികമാണ്!
രസാനുഭൂതിയുടെ സാഹസികത!

Friday, February 8, 2008

വികാരങ്ങള്‍സ്നേഹം, അത് കഥയറിയാത്ത,
വികാരമാണ്.
കദനത്തിന്റെ മുഖം മൂടിയാണ്,
കരുത്തിന്റെ പിന്‍ബലമാണ്.
ചിലപ്പോഴെല്ലാം സത്യവുമാണ്!
നിലാവിലെ കുളിര്‍, ‍കാറ്റാണ്.
മറ്റുചിലപ്പോള്‍ മരുഭൂമിയിലെ മണല്‍ക്കാറ്റും,
ചിലപ്പോള്‍ കൊടുങ്കാറ്റില്‍ ഉലഞ്ഞ വ്‌റക്ഷത്തലപ്പും!
എതു രീതിയില്‍ കാണുമ്പോഴും,
അതില്‍ എന്നും പല ഭാവങ്ങള്‍....
പല രൂപങ്ങള്‍, ചിന്തകള്‍, സ്വപ്നങ്ങള്‍!
കാമത്തിനും, ഭാവത്തിനും, മോഹത്തിനും അപ്പുറം....
അധിപതിയായിരിക്കാമെന്ന അഭിവാഞ്ചയില്‍ അവള്‍,
ഗര്‍വ്വിഷ്ഠയായിരിക്കുന്നു.....
അനന്തതയില്‍ നിര്‍ന്നിമേഷയായ് നോക്കി....
അങ്ങനെ, അങ്ങനെ, അങ്ങനെ...........

Saturday, February 2, 2008

മരണം എന്ന കാമുകന്‍
നീണ്ടകാലങ്ങള്‍ക്കു ശേഷം,
ഞാനിന്നലെ വീണ്ടും അവനെ കണ്ടു.
അതേ മുഖം, വകഞ്ഞുമാറ്റിയ മുടി,
പുഞ്ചിരിയൊളിപ്പിക്കുന്ന ചുണ്ടുകള്‍,
തീക്ഷ്ണമായ കണ്ണുകള്‍.
അവന്‍ എന്റെ അടുക്കല്‍,
എന്നെ ചേര്‍ന്നിരിക്കുകയായിരുന്നു.
എന്റെ കണ്ണുകള്‍ അകാരണമായ്,
ഭയത്തിന്റെ ആവരണം പുതയ്ക്കാന്‍ തുടങ്ങിയപ്പോള്‍,
കണ്ണുനീര്‍ അടര്‍ന്നു വീഴാന്‍ ശ്രമിച്ചപ്പോള്‍
ഞാന്‍ കണ്ണുകളടച്ചു.
എന്റെ കണ്ണുകള്‍ക്കു മീതെ.....
നിശ്വാസത്തിന്റെ തണുപ്പ്...
എന്റെ നെറ്റിയില്‍ അവന്റെ ചുണ്ടിന്റെ തണുപ്പ്...
ഞെട്ടി, എങ്കിലും ഞാന്‍ കണ്ണുതുറന്നില്ല
എന്തേ? ഇത്രയും തണുപ്പ്?
നിന്റെ ചൂട്, നിന്റെ സ്നേഹം എവിടെ?
ഞാന്‍ അതിശയിച്ചു!
മൂടല്‍ മഞ്ഞിന്റെ തണുത്ത രാത്രിയില്‍,
നീ ഒരിക്കലും തണുക്കാറില്ലല്ലോ?
നിന്റെ ചൂട് ഒരിക്കലും
നിന്നെ വേര്‍ പിരിയാറില്ലല്ലോ?
ഞാന്‍ സംശയിച്ചു... നീ?
സംസാരിക്കാനാവാതെ ഞാനിരുന്നു!
മറുപടി പറയാനാവാതെ അവനും!
അവനെ ഒന്ന് തൊടാന്‍ ഞാനാഗ്രഹിച്ചു.
എന്റെ കൈകള്‍ അവനെ തൊടാന്‍ നീണ്ടു...
പക്ഷെ...
അവന് ശരീരമില്ലായിരുന്നു...
ചൂടില്ലായിരുന്നു..
സ്പര്‍ശനം ഇല്ലായിരുന്നു....
അവന്‍ മരണമായിരുന്നു!
ആത്മാവായിരുന്നു....
എന്നെ സ്നേഹിച്ച എന്റെ പ്രിയകാമുകനായിരുന്നു!!!