Sunday, March 30, 2008

തിരിച്ചറിവ്
ഉണങ്ങാന്‍ കഴിയാത്തൊരു വ്രക്ഷത്തലപ്പും,
ഉറങ്ങാന്‍ കഴിയാത്തൊരു മനുഷ്യ മനസ്സും,
ഏതാണ്ടു ഒന്നുപോലെ...
വറ്റിവരണ്ട ഭൂമിയില്‍ നിന്നും അപ്രത്യക്ഷ
മാവാനുള്ളൊരു ആത്മാഭിലാഷം,
ആത്മാര്‍ത്ഥമായി വ്രക്ഷം അനുഭവിക്കുന്നു.
ശിഖരങ്ങള്‍ വിടര്‍ത്തി അന്തരീക്ഷത്തില്‍
സകല ചിന്തകളെയും വിരിയിച്ചു നിന്നകാലം..
ഓര്‍ത്തെടുക്കുവാന്‍ പറ്റാത്തവിധം
നീണ്ടു പോയിരിക്കുന്നൂ..
കഴിഞ്ഞു പോയിരിക്കുന്നൂ..
ശാഖോപശാഖകളായ് ശിഖരങ്ങളായ്,
സ്വന്തം അസ്തിത്വം അന്യരിലേയ്ക്കു
വ്യാപിച്ചു വിസ്ത്‌റിതിയിലേക്ക് നിന്നിട്ടെന്തു കാര്യം?
വിസ്മ്‌റിതിയിലാവുന്നതു അതിലും നല്ലതല്ലേ?
രാത്രിയുടെ ഇരുണ്ട യാമങ്ങളില്‍, തലകീഴായി കിടക്കാന്‍ വരുന്ന വവ്വാലുകളെ,
കാണുമ്പോള്‍ മാത്രമെങ്കിലും അല്പം സമാധാനം
തോന്നിപ്പോകുന്നൂ.. തന്നെപ്പോലെ അന്യരോടു മൌനവെല്ലുവിളിയുമായീ, പ്രതിക്ഷേധവുമായീ, എത്രയോകാലം പിന്നിട്ടു പോയിരിക്കുന്നൂ...
അവരും...
ആത്മരോഷത്തിന്റെ നെടുവീര്‍പ്പുകളുയര്‍ത്തുന്ന
തന്നെപ്പോലെ, ഇനിയും അനവധി പീഡിത ജന്മങ്ങള്‍,
പാഴ്ജന്മങ്ങളായീ ,
തിരിച്ചറിവിന്റെ ,തിരിച്ചറിവില്ലാത്ത നിമിഷങ്ങളെ,
തിരിച്ചറിയാന്‍,തിടുക്കം കൂട്ടി കാത്തിരിക്കുകയായിരിക്കും
അല്ലേ?

Monday, March 24, 2008

കാലം


വര്‍ഷങ്ങള്‍ കാത്തിരുന്നാലും,
കാലം മാറി മാറി പുണര്‍ന്നാലും,
അറിയാന്‍ കഴിയാത്തത്,
മനസ്സിനെ മാത്രമാണ്.
മാനവ വേഷം കെട്ടി,
രാക്ഷസരൂപം കാട്ടുന്ന,
മനോധര്‍മ്മമില്ലാത്ത മനസാക്ഷിയുടെ,
മനക്കണക്കുകള്‍ മാത്രം മാറാതെ മന്ത്രിക്കുന്ന,
മധുരമില്ലാത്ത മമതയാണ് മനസ്സിനു സ്വന്തം!
സ്നേഹം എന്നും മുന്നില്‍ മുട്ടു കുത്തുന്നു,
സ്നേഹിതയാണോ,യെന്ന് അറിയാതെ തന്നെ സ്നേഹിക്കുന്നു.
സ്നേഹത്തില്‍ കാപട്യം കാണിക്കാതെ,
കദനം വിതറാതെ, കനകം മോഹിക്കാതെ,
കാമുകിയാകാതെ,
കാലാകാലങ്ങളില്‍ കരകാണാക്കടലിലെ,
കാണാക്കയങ്ങളിലേയ്ക്കു കാലെടുത്ത് വയ്ക്കാന്‍ ശ്രമിക്കുന്നു.....
അറിഞ്ഞും, അറിയാതെയും വിടപറയുകയും ചെയ്യുന്നു!

Monday, March 17, 2008

നിഴലുകള്‍


തോരാത്ത മഴ പെയ്ത ഒരു സന്ധ്യയില്‍,
തളം കെട്ടി നിന്ന വെള്ളം,
തെളിനീരായ് ഒഴുകാന്‍ മടിച്ചു നിന്നപ്പോള്‍,
കലങ്ങിയ വെള്ളത്തില്‍,
മുറ്റത്തു കണ്ട നിഴലുകളില്‍
ഒന്നിനും ഒരു തെളിമ അനുഭവപ്പെട്ടിരുന്നില്ല.
മഴ വീണ്ടും വീണ്ടും പെയ്തു കൊണ്ടേയിരുന്നു,
അഗാധത ജനിപ്പിച്ച ഒരു തടാകം പോലെ,
എങ്ങോട്ടു പായും? നാലുവശവും ഓളങ്ങള്‍ സ്രഷ്ടിച്ച്,
അവള്‍ തന്നില്‍ തന്നെ വിലയിക്കുന്നത് പോലെ...
എന്നിട്ടും,
ആ വെള്ളത്തില്‍ അവള്‍ പലതിനെയും ഉയര്‍ത്തിപ്പിടിക്കുന്നുണ്ടായിരുന്നു....
പിടഞ്ഞു വീണ ഉറുമ്പുകള്‍,
പൊഴിഞ്ഞു വീണ മാമ്പൂക്കള്‍,
കാലം തികയാതെ നിലത്തെത്തിയ തളിരിലകള്‍,
കാലം തികഞ്ഞ് ജീവിതം മടുത്ത കരിയിലകള്‍,
പിന്നെ, ഭൂമിയില്‍ അലിഞ്ഞു തീരാന്‍ ഉറച്ച് എത്തിയ മണ്‍കട്ടകള്‍
അങ്ങനെ പലതും ....
ഞാനും നോക്കിയിരുന്നു!
ആ കണ്ണീര്‍ തടാകം വറ്റിക്കാണുവാന്‍,
കുത്തൊഴുക്കിന്‍ പ്രവാഹം നിലക്കുവാന്‍,
അതെല്ലാം നിലച്ചാലും,
നിലക്കാത്ത ഒരു ഇരമ്പല്‍,
ഒരു പ്രവാഹമായി എന്റെ കണ്ണില്‍ നിന്നും പെയ്തിറങ്ങുന്നത്,
ഏത് കയത്തിലായിരിക്കും ചെന്ന് ചേരുക?
ആ പുഴയില്‍ ഞാനാരെയാണ്,
രക്ഷിക്കാന്‍ ശ്രമിക്കേണ്ടത്?
ആരുടെ സങ്കല്‍പ്പങ്ങളെയാണ് സഫലീകരിക്കേണ്ടത്?
ആര്‍ക്കാണ് അഭയം കൊടുക്കേണ്ടത്?
ഉത്തരം ഇല്ലാത്ത ചോദ്യങ്ങളെ എന്റെ നോവുകളില്‍ നിന്നും,
ഊറി വരുന്ന കണ്ണീരുകൊണ്ടു തന്നെ കഴുകി കളയുവാന്‍ ശ്രമിച്ചു, കൊണ്ടേയിരുന്നു...
കണ്ണിര്‍ വറ്റുവോളവും....
മനസ്സാക്ഷി ഉള്ളിടത്തോളം കാലവും.....

Saturday, March 8, 2008

ക്ഷുഭിതയൌവ്വനംകണ്ണുകളില്‍തീക്കനല്‍ പോലെ,
തിളക്കവുമായീ...
യുവത്വം..വീടുകള്‍വെടിഞ്ഞ്,
ഏതോ..അജ്ഞാത, ആഭിചാരപ്രവര്‍ത്തകന്റെ...
ആജ്ഞാഗീതം കേട്ട അനുസരണക്കുട്ടികളെപ്പോലെ,
ഒന്നിനു പുറകേ... ഒന്നായി നിരത്തുകളിലേയ്ക്കു....
പ്രവഹിച്ചു കൊണ്ടേയിരുന്നു....
നോക്കെത്താത്ത ദൂരത്തോളം,
അശാന്തിയുടെ വിഷപ്പുക ശ്വസിച്ച്,
അന്ധരായവരെപ്പോലെ അവര്‍,
വേഗത്തില്‍ എങ്ങോട്ടെന്നില്ലാതെ....
ലക്ഷ്യബോധമില്ലാതെ പാഞ്ഞുകോണ്ടേയിരുന്നു....
വീടുകളില്‍ ശോകമണി മുഴക്കി,
വാഹനങ്ങളില്‍ മരണമണി മുഴക്കി,
മനസ്സുകളില്‍ വിരഹമണി മുഴക്കി,
മരണം കാമുകിയായും,
ഭാര്യയായുമൊക്കെ എത്തി യുവാക്കളെ
അപഹരിച്ചുകൊണ്ടേയിരുന്നു....
എങ്ങും ഭീതിയുടെ കരാളസര്‍പ്പം ഇഴഞ്ഞു നീങ്ങുന്നുണ്ടായിരുന്നു....
അലമുറയിട്ട അന്തരീക്ഷത്തില്‍,
അമ്മമാരുടെ ദുഃഖം തളം കെട്ടികിടന്നു!!
അതില്‍ പേറ്റു നോവിന്റെ കനവും,
വേദനയും ഞാന്‍ കണ്ടു...
നോവിന്റെ ദൈന്യതയില്‍ ഭാര്യമാര്‍
തങ്ങളുടെ വിധിയെയോര്‍ത്ത് കരഞ്ഞു!
നിറവയര്‍ ഒഴിഞ്ഞ് കിട്ടാന്‍ കാത്തിരുന്ന ഗര്‍ഭിണികള്‍,
ജനിക്കുന്ന കുഞ്ഞിന്റെ നിര്‍ഭാഗ്യത്തില്‍ അലറിക്കരഞ്ഞു...
പിച്ചവയ്ക്കുന്ന ബാല്യം...
അര്‍ത്ഥം അറിയാതെ,
കൌതുകത്തോടെ,
അച്ഛന്,
അമ്മാവന്,
സഹോദരന്,
അന്തിമ ചുംബനം നല്‍കി നോക്കി നിന്നു!
നനഞ്ഞ കണ്‍പീലികളോടെ,
കാഴ്ച്ച മങ്ങിയ മുത്തശ്ശിമാര്‍,
തങ്ങളുടെ കാലത്തിന്റെ വിധിയില്‍
പരിതപിച്ചു,
നിശബ്ദരായി മൂലകളില്‍ പട്ടിണി കിടന്നു.....
നിരന്നു കിടന്ന ശവശരീരങ്ങള്‍ നോക്കി,
നാടും നാട്ടുകാരും തങ്ങളുടെ രക്തതുടുപ്പുകളുടെ,
നിര്‍ഭാഗ്യത്തില്‍ പൊട്ടിക്കരഞ്ഞു!
പേമാരിയേയും...
കൂരിരുട്ടിനേയും...
വകവയ്ക്കാതെ ഭൂമിയുടെ ദുഃഖം,
തിരിച്ചു വരാനാകാത്ത
തിരിച്ചു തരാനാകാത്ത,
യൌവ്വനത്തെയോര്‍ത്ത് കരഞ്ഞ്, കരഞ്ഞ്....
അകലങ്ങിലേയ്ക്ക് പൊയ്ക്കൊണ്ടേയിരുന്നു...
അവള്‍,
വിഷണ്ണയായി...
വിരഹിയായി...
വിഷാദയായി...
വേപഥുഗാത്രയായി....
യൌവ്വന സ്വപ്നങ്ങളെ തെരഞ്ഞു കൊണ്ടേയിരുന്നു....
യൌവ്വന തിളക്കത്തെ ഓര്‍ത്തു കൊണ്ടേയിരുന്നു...
യൌവ്വനചിന്തകളിലെ, ചിന്താശൂന്യതയെ അന്വേഷിച്ചു കൊണ്ടേയിരുന്നു....