Friday, November 30, 2007

വഴക്കാളികളായ അടുക്കളപ്പാത്രങ്ങള്‍


എന്റെ അടുക്കളയിലെ പാത്രങ്ങള്‍ പലതും സംസാരിക്കാറുണ്ട്. സിനിമയെക്കുറിച്ച്,പാചകത്തെക്കുറിച്ച്,
സംഗീതത്തെക്കുറിച്ച്, വസ്ത്രധാരണത്തെക്കുറിച്ച്,
ചില കാര്യങ്ങളില്‍ അവര്‍ കടുത്തപക്ഷപാതികളാണ്.
ചിലപ്പോള്‍, അവര്‍ ഭിന്നതയുടെ പേരില്‍ കലഹിക്കും.
താഴെ വീണു അത്മഹത്യചെയ്യും.
എപ്പോഴും പരാതിപറയുന്ന വ്രദ്ധരായവരുടെ മനസ്സാണ്‌
എന്റെ പാത്രങ്ങളുടെ കൈ മുതല്‍.
എങ്ങനെ അടുക്കിവച്ച്, മാന്യതകാട്ടിയാലും
അവര്‍ പിണങ്ങും. പിണക്കം, തമ്മിലടിയിലും
പൊട്ടിച്ചിതറലിലുമാവും അവസാനിക്കുക!
ഞാന്‍ ഉറങ്ങാന്‍ കിടന്നാലും അവ ഉറങ്ങാറില്ല!
രാത്രി ഒരു മണിക്കും രണ്ടു മണിക്കും അവ പോരടിക്കാറുണ്ട്! മദ്ധ്യസ്ഥതക്കെത്തുന്ന പൂച്ചയെ
അവര്‍ വിരട്ടിയോടിക്കുകയാണ്‌ പതിവ്.
രാത്രിലൊരുപോള കണ്ണടയ്ക്കാതെ
ഈ പാത്രങ്ങള്‍ എന്താണ്‌ ചെയ്യുന്നത്?
ഞാന്‍ വരുന്നുണ്ടെന്നറിഞ്ഞാല്‍ കളിയാക്കികൊണ്ടുള്ള
മൌനം പാലിക്കല്‍, വരിതെറ്റാതെ നോക്കല്‍
ഇവയുടെ സ്ഥിരം ഏര്‍പ്പാടാണ്.
വെള്ളത്തിനായി ദാഹിക്കുമെങ്കിലും കുടിക്കില്ല,
കുളിക്കാന്‍ ഇഷ്ടമല്ല, കണ്ണീരുകുടിച്ചു
വറ്റിച്ച മുഖം മാത്രം മിനുക്കി,
എന്നെ നോക്കി ചിരിക്കും!
എന്നെ സന്തോഷിപ്പിക്കാന്‍ മാത്രം!!!
ഞാന്‍ പുറത്തുപോയാല്‍ അവ അനങ്ങില്ല,
വരുന്നതുവരെ ഒരേ ഇരുപ്പാണ്‌.
നിശബ്ദതപാലിക്കുക എന്നത്
എത്ര ഹ്രദയഭേദകമാണെന്ന്, മനസ്സിലാക്കിയത്,
എന്റെ പാത്രങ്ങളെ കണ്ടാണ്‌!!!

Tuesday, November 27, 2007

ഇരിപ്പിടം


എന്റെ വീട്ടില്‍ ഞാനൊരു കസേര സൂക്ഷിക്കുന്നുണ്ട്. അത് എന്റെ അതിഥികള്‍ക്കുളളതാണ്. ചിലര്‍ എന്റെ ആത്മാര്‍ത്ഥ സുഹ്‌റുത്തുക്കളായിരിക്കും. ചിലര്‍ എന്നെ പരിഹസിക്കാന്‍ വരുന്നവരായിരിക്കും, ചിലര്‍ മോഹഭംഗപ്പെടുത്തുവാനും, മറ്റു ചിലര്‍ എന്നെ നോവിക്കാന്‍, വേണ്ടിമാത്രം വരുന്നവരുമായിരിക്കും!!!!! അവര്‍ക്കുള്ളതാണ്‌ ആ ഇരിപ്പിടം. പക്ഷെ എന്റെ മനസ്സറിയുന്ന എന്റെ 'വിശിഷ്ടാതിഥിക്ക്', ഇരിക്കാനുള്ള ഇരിപ്പിടം ഞാന്‍ ഭദ്രമായി വേറെ സൂക്ഷിച്ചിട്ടുണ്ട്, അവന്‍ അവിടെയിരിക്കുമെന്ന പ്രതീക്ഷയില്‍!!! അവന്‍ പിന്നെയൊരിക്കലും മറ്റൊരു ഇരിപ്പിടം തേടി അലയേണ്ടിവരില്ല. അഥവാ, ഞാനറിയാതെ അവന്‍ പോയെങ്കില്‍ പിന്നെ അവന്റെ ഇരിപ്പിടം എന്റെ സാധാരണ അതിഥികള്‍ക്കുമാത്രമുള്ളതായിരിക്കും!!!!!

Sunday, November 25, 2007

ശൂന്യത
പ്രണയതീരത്തുനിന്നുഞാന്‍
മടങ്ങിപ്പോന്നത് മനസ്സിന്റെ ഉഷ്ണവനത്തിലേക്കാണ്.
ഒന്നുമില്ലാത്ത്ഈ ലോകത്തിന്റെ തനത് സ്വഭാവം
മനസ്സിന്റെ ചൂട് മാത്റമാണെന്ന്ഇപ്പോളറിയുന്നു.
മനസ്സിലുള്ളതെല്ലാം നമ്മുടെ അവകാശങ്ങളുടെ
പട്ടികയില്‍ ഇടം തേടുമെന്ന്നാം വ്യാമോഹിക്കുന്നു.
നമ്മള്‍ ശൂന്യരാണ്!
ആരോടും സ്നേഹമില്ലാത്തവര്‍,
ജനിതകമായും നമ്മള്‍ശൂന്യരാണ്!!!!
ശരീരത്തിനുള്ളിലെഅവയവങ്ങള്‍ക്ക് നമ്മേക്കാള്‍
എത്രയോമാന്യതയുണ്ട് വ്യക്തമായ കാരണമുള്ളപ്പോഴാണ്
അവ സംവാദത്തിനോ,വിവാദത്തിനോ,ഒരുമ്പെടുന്നത്.
ഓര്‍മ്മയുടെ ദുരന്തങ്ങള്‍ക്ക്മേല്‍സംഗീതത്തിന്റെയും,
പ്രേമത്തിന്റെയും, സുഗന്ധംപുരട്ടിഎല്ലാം മറക്കാന്‍-
കഴിയുന്ന നമ്മളെത്ര ശൂന്യര്‍!!!!!

Friday, November 23, 2007

പിരിയാന്‍ എത്ര ദുഃഖം


ജീവിതം നിഴലുകളായി,
ഞരമ്പുകളായി, ഓര്‍മ്മകളായി.
മറ്റൊരാളിലേക്ക് പ്രവേശിക്കുകയാണ്.
ഇത്തിരി നേരത്തേ സൌഹ്റദം
നൊടിനേരം കൊണ്ട് അത്മാവിന്റെ ഭാഗമായ ബന്ധങ്ങള്‍,
പ്രണയങ്ങള്‍,ഒരേ കാലത്തിന്റെ മാന്ത്രികത!
എത് മാന്ത്രിക വിരലുകളാണു ഈ കാലത്തില്‍
തന്നെനമ്മെ ഒന്നിപ്പിച്ചത്?
ഹ്രസ്വമാം, കാലത്തില്‍ പരിചിതബന്ധങ്ങള്‍ക്കിടയില്‍
‍നാം ഉറ്റവരായി, പിരിയുമ്പോള്‍ നമുക്കെത്ര ദുഃഖം!!!
കാലങ്ങളായി നാം ഒന്നായിരുന്നെന്ന ധാരണയില്‍
നാം ചിരകാല വ്യക്തികളാണെന്ന് വിചാരിക്കുന്നു.
കാലം മാറുമ്പോള്‍ നാം വെറും പഴങ്കഥകള്‍ മാത്രം.
നമ്മെക്കുറിച്ചുള്ള മറ്റുള്ളവരുടെ ഓര്‍മ്മകളും,
ഉപയോഗശൂന്യമായ പാത്രങ്ങള്‍ പോലെ
എവിടെയോ ഉപേക്ഷിക്കപ്പെടുന്നു!!!

Monday, November 19, 2007

പ്രണയം


മുജ്ജന്മബന്ധത്തിലെ, ഞാന്‍ കേട്ടുമറന്നശബ്ദം, അത് നിനേറ്തായിരുന്നു. മനസ്സിലെവിടെയോ, എന്നെ തൊട്ടുണര്‍ത്തുന്നഒരു നാദം, അതു നീ തന്നെയായിരുന്നു. ആ നാദത്തില്‍ ഞാനെന്നെ മറന്നു, നമ്മള്‍ പിരിയാത്തരായി മാറി. കേള്‍ക്കുന്തോറും വീണ്ടും കേള്‍ക്കണമെന്നു തോന്നുന്ന ശബ്ദം, ഞാന്‍ നിന്നെകാത്തിരുന്നു.
നീണ്ട രാത്രികള്‍ക്കപ്പുറം, സൂര്യനുദിക്കുന്ന നേരത്തെയും കാത്ത് ഞാന്‍ നിന്നെക്കുറിച്ചുമാത്രം ചിന്തിച്ചു, നിന്നെക്കുറിച്ചു മാത്രം പ്രേമകാവ്യങ്ങളെഴുതി. ഉറക്കമില്ലാത്ത രാവും പകലും എന്നെ അസ്വസ്ഥനാക്കിയിരുന്നു. ഒരു ശബ്ദം അത് മനസ്സില്‍ എവിടെയോ അഗാധമായ് എന്നെ സ്പര്‍ശിച്ചു, പ്രേമമായ്, പ്രണയമായ്,എന്നില്‍ അനുഭൂതിയായ് മാറി.
പിന്നെയെപ്പോഴോ, എതോ,അജ്ഞാതശക്തികളുടെ ഇടപെടലുകള്‍പോലെ,നീ എന്നെ മറക്കാന്‍ ആഗ്രഹിച്ചു കാരണം ഞാന്‍ നിന്നില്‍ ആഴത്തില്‍ ബന്ധം സ്ഥാപിക്കുമെന്ന് നീ ഭയപ്പെട്ടു.
ആരെയും സ്നേഹിക്കാന്‍ നീ ഒരുക്കമല്ലായിരുന്നു.എന്നോടു നീ കുപിതയായി നോവിക്കുന്ന വാക്കുകള്‍ പറഞ്ഞു പിണങ്ങാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഉള്ളിലെ പേടി പുറമേ കാണിക്കാതിരിക്കാന്‍ നീ ശ്രമിച്ചു. എന്നിട്ടും!!!
സാന്ത്വനമായ് ഞാന്‍ നിന്നില്‍ നിറഞ്ഞുനിന്നു. കാമുകഭാവം കൈകൊണ്ട എന്റെ മനസ്സ് നിന്നെ പിന്‍തുടര്‍ന്നു കൊണ്ടേയിരുന്നു!
നിനക്ക് രക്ഷപ്പെടണം നിന്നില്‍ നിന്ന്, എന്നില്‍ നിന്ന്, ഈ അരക്ഷിതമായ വികാരങ്ങള്‍ക്കും, വാക്കുകള്‍ക്കും, പ്രവര്‍ത്തികള്‍ക്കുമപ്പുറതേക്ക്, കെട്ടുപാടുകളില്ലാത്ത ലോകത്തേക്ക്,പ്രേമവും പ്രണയവും ഇല്ലാത്ത ഒരു ലോകത്തേക്ക്. അന്നും എന്നെ മറക്കാന്‍, എന്നെപ്പിരിയാന്‍, നീ ആവതും പണിപ്പെടും. കഴിയില്ലെന്നറിഞ്ഞുകൊണ്ടുതന്നെ!!!!

Thursday, November 15, 2007

നിമിഷം


ജീവിതം എനിക്ക് ഒരു കടങ്കഥയാണ്. അഴിക്കാന്‍ നോക്കുംതോറും കുരുങ്ങിക്കിടക്കുന്ന കെട്ടുപാടുകള്‍ അതിന്റെ പ്രത്യേകതയാണ്.
നല്ലതും, ചീത്തയും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത എന്റെ പ്രയത്നങ്ങളില്‍ എന്നെ നോവിക്കുന്ന ബന്ധുത്വം എന്റെ പരാജയമാണ്!
ഞാന്‍ എന്താണിങ്ങനെ?
സ്നേഹിക്കപ്പെടുവാന്‍ മോഹിക്കുമ്പോഴും സ്നേഹത്തിന്റെ അതിര്‍ വരമ്പില്‍, കാത്ത് കിടക്കുന്ന ഞാന്‍ ഒരു നാല്‍ക്കാലി വളര്‍ത്തുമൃഗം മാത്രമായിയെന്നും എന്നോടു തന്നെ വാലാട്ടി സഹതപിക്കുന്നു.
എനിക്ക് അഭിപ്രായസ്വാതന്ത്യമില്ല. അനുഭൂതികളില്ല,ആദര്‍ശങ്ങളുമില്ല. ഞാന്‍ എന്റെ വഴിയില്‍ ഒറ്റയാക്കപ്പെട്ട ഒരു പാവം ജന്മം! സനേഹിക്കപ്പെടുന്നു എന്ന തോന്നലില്‍ ഞാനെന്റെ ബന്ധങ്ങളില്‍ എന്നും അതൃപ്തയായി തൃപ്തികാട്ടുന്നു. എന്നെ സ്വാധീനിക്കുന്ന എന്റെ വികാരങ്ങള്‍ ഒരിക്കലും എന്റെ മുമ്പില്‍ പൊയ്മുഖം അഴിച്ചുമാറ്റുന്നില്ല.
രാവും പകലും തോരാത്ത വേര്‍പാടിന്റെ വിരഹഗാനം പാടി ഞാന്‍ എന്റെ മനസ്സിനെ സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കുന്നു. ഞാന്‍ ആരാണ്‌? സത്യമാണോ? മിഥ്യയാണോ? അതോ രണ്ടും കൂടി ചേര്‍ന്നതോ? എന്റെ മനസ്സില്‍ ഒരായിരം സ്വപ്നങ്ങളുണ്ട്! എന്റെ ആത്മാവില്‍ ഒരായിരം മോഹങ്ങളുമുണ്ട്!ഞാന്‍ എന്നും നേരിലും, നേരായ പ്രതീക്ഷയില്‍ ഒരു പ്രതീകമായി നില്‍ക്കട്ടെ!

Thursday, November 8, 2007

അവള്‍ ഇങനെ
അവള്‍ എന്നെ അറിയാത്തതുപോലെ നടിച്ചു. എന്താണ്‌ അങനെ ചെയ്യ്തതെന്ന് എന്നിക്കു എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. കാരണം ആത്മവേദനയുടെ, മൂര്‍ത്തികരണമായ അവളെ ഞാന്‍ എന്നും ആശ്വസ്സിപ്പിചിരുന്നു, പ്രണയിച്ചിരുന്നു, അഗാധമായി സ്നേഹിച്ചിരുന്നു. അശരണയായ അവളെ ആശ്രയത്തിന്റെ കരത്താല്‍ ഞാന്‍ മാറോടടുപ്പിച്ചു നിര്‍ത്തി. എന്നിട്ടും!
ആശ്ലേഷിക്കാന്‍ ശ്രമിക്കുബോള്‍ അകന്നുമാറുന്ന "പെണ്‍ മനസ്സ്" എന്നും അവളുടെ മാത്രം സ്വന്തമായിരുന്നു. പ്രണയം ഉള്ളില്‍ സൂക്ഷിക്കുമ്പോഴും പുറത്തറിയാതെ നടിക്കുന്ന അവള്‍, എന്റെ ഇന്നലെയുടെ പ്രണയിനി..... അവള്‍ ഇന്നെന്റെ ആരാണ്?


ആരുമല്ല എന്നു പറയാന്‍ ആഗ്രഹിക്കുമ്പോള്‍, മൂടുപടം മാറ്റി അവള്‍ എന്റെ മനസ്സിനകത്തേക്കു ഒളിക്കണ്ണിട്ടുനോക്കുന്നു! വിഷാദത്തോടെ പുഞ്ചിരിക്കുന്നു. ആവുന്നില്ല ഒരിക്കലും എനിക്കവളെ വെറുക്കുവാന്‍! മറക്കുവാന്‍! പ്രണയിക്കുവാനും!

Saturday, November 3, 2007

ആകാശത്തെ വീട്


എന്‍റ്റെ വീട്ടിലേയ്ക്കു സ്വാഗതം,

എന്റെ വീട്, എന്നെ, പോലെ തന്നെ സുന്ദരിയല്ല.

എങ്കിലും നല്ല മനസ്സുള്ളവളാണ്.

വിരുന്നിനെത്തുന്നവരെ നിരാശരാക്കില്ല.
ഉള്ളതുകൊണ്ട് നമുക്കു" ഓണം ഉണ്ണാം".

എന്നെ സ്നേഹിച്ചില്ലെങ്കിലും, വെറുക്കാതിരുക്കുക.
ഓര്‍ക്കുവാനും, ഇഷ്ട്പ്പെടുവാനും കഴിയുമെങ്കില്‍
‍ഞാനെന്ന, "ശ്രീയെ" മറക്കാതിരുക്കുക.

സ്വന്തം,
ശ്രീ