
എന്റെ മനസ്സ് വിജനമായിരുന്നു...
അത് വിജനവീഥിപോലെ, നിശബ്ദയെ താലോലിച്ചു നിന്നൂ...
എങ്ങും ഏകാന്തത!
ഞാന്‍ നടന്നു നീങ്ങിക്കൊണ്ടിരുന്നു.
ഞാന്‍ നിസ്സംഗയായതുപോലെ!
എന്റെ മനസ്സില്‍,
സ്നേഹം അസ്തമിച്ചോ?
വികാരങ്ങള്‍ നിലം പൊത്തിയോ?
അതോ, വിചാരങ്ങളായി, അവ ബുദ്ധി കാട്ടിത്തുടങ്ങിയോ?
എന്റേതെന്നു കരുതിയതെല്ലാം വിട്ടു പോകുന്നത്,
അവജ്ഞയോടെ തിരിഞ്ഞുനോക്കുന്നത്,
ഞാന്‍ കാണുന്നു!
എന്തായിരിക്കും കാരണം?
എത്ര ആലോചിച്ചിട്ടും,
എത്ര ശ്രമിച്ചിട്ടും,
ഉത്തരം കിട്ടുന്നില്ല!
ഞാന്‍ കടലുപോലെ..
അനന്തമാണ്,
ആവേശമാണ്,
അപാരതയാണ്,
അതുപറഞ്ഞത് അവരൊക്കെത്തന്നെയായിരുന്നില്ലേ?
എപ്പോഴായിരിക്കും?
ഓര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍,
ഓര്‍മ്മയുടെ മുറ്റത്തു പലതരം മുഖങ്ങള്‍....
ചിലത് സങ്കോചത്തിന്റേത്,
ചിലത് പകയുടേത്,
മറ്റു ചിലതോ... കുറ്റബോധത്തിന്റേതും!
എന്താ നിങ്ങള്‍ ഇങ്ങനെ വിളറുന്നത്?
എന്റെ ചോദ്യം പ്രതീക്ഷിച്ചതു പോലെ അവര്‍,
ഉത്തരം പറഞ്ഞു തുടങ്ങി...
ഓരോ, ഒഴിവുകള്‍.. ഒഴിയലുകള്‍,
ഒരോ ഒഴിവാക്കലുകള്‍...
പഴിചാരലുകള്‍...
എന്തായാലും സ്നേഹത്തിന്റെ വ്രക്ഷത്തിനും,
ഫലത്തിനും ഒരിക്കലും നാശം സംഭവിക്കുന്നില്ല.
അത് കൂടുതല്‍ മധുര ഫലങ്ങളെ വഹിക്കാന്‍ പ്രാപ്തി നേടുന്നു..
ഇപ്പോളെന്റെ മനസ്സ്,
യുദ്ധക്കളം പോലെ ചഞ്ചലമാണ്!
അവിടെ ധര്‍മ്മവും അധര്‍മ്മവും പട വെട്ടുന്നു..
ഞാന്‍..
ഇളക്കമില്ലാതെ,
ദുഃഖിക്കാതെ,
സങ്കോചമില്ലാതെ,
സന്ദേഹമില്ലാതെ,
നോക്കിനിലക്കുന്നു!
നില്ക്കാന്‍ പ്രാപ്തി നേടിയിരിക്കുന്നു!
കാരണം......
എന്റെ മനസ്സ്, ഞാനറിയാതെ,
ചതിയേയും, വഞ്ചനയെയും തിരിച്ചറിഞ്ഞിരിക്കുന്നു!
പ്രേമത്തെയും, കാമത്തെയും വേര്‍തിരിച്ചറിയുന്നു!
വികാരത്തെയും, വിചാരത്തെയും മനസ്സിലാക്കിയിരിക്കുന്നു!
പാപവും, പുണ്യവും കണ്ട് സ്വയം പുഞ്ചിരിച്ചു നില്‍ക്കയും ചെയ്യുന്നു!!!!