Wednesday, January 9, 2008

യോദ്ധാവ്



ആ കണ്ണുകള്‍ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി.
നിറഞ്ഞൊഴുകുന്നതായിരുന്നോ?
അല്ല!
നീര്‍ പൊടിയുന്നതായിരുന്നോ?
അല്ല!
അടഞ്ഞുപോകുന്നതായിരുന്നു!
നന്ദിയുടെ....
സ്നേഹത്തിന്റെ.....
വിടപറച്ചിലിന്റെ.......
അവന്‍, തല തിരിച്ച് നോക്കുന്നുണ്ടായിരുന്നു.
നാലുപാടും!
ആരെ?
നിശ്ചയമില്ല, ആരെയും നോക്കാനില്ല എന്നെനിക്കറിയാം,
എങ്കിലും ഒരു യുദ്ധത്തിന് തയ്യാറുള്ളതുപോലെ,
ചെറുപ്പം പോലെ,
ഏതു നേരവും സം‌രക്ഷണത്തിനു തയ്യാറാകുന്നതുപോലെ....
എന്നെ വീണ്ടും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
ചെവി കൂര്‍പ്പിച്ച്,
വാലാട്ടി, കൂടെക്കൂടെ മുരണ്ടുകൊണ്ടിരുന്നു.....
ഞാന്‍ അകലെനിന്നാണെങ്കിലും അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അവനെന്റെ അംഗരക്ഷകനായിരുന്നു.
ആയിരിക്കണം എന്നും ഞാനാഗ്രഹിക്കുന്നു.
പക്ഷെ അവന്‍ പ്രായാധിക്യം കാണിച്ചു തുടങ്ങിയിരിക്കുന്നു.
യുവത്വം അവനോടു വിട പറഞ്ഞു തുടങ്ങിയിരിക്കുന്നു
ഇനിയും തീര്‍ന്നിട്ടില്ലാത്ത ശൌര്യത്താല്‍,
എന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതു പോലെ
എന്റെ പ്രീയപ്പെട്ട “ടൈഗര്‍“‍
നീ എനിക്കെന്നും പ്രീയപ്പെട്ട യോദ്ധാവാണ്,
നിന്റെ മരണം എന്റെ ഭീരുത്വത്തിന്റെ മരണം കൂടിയായിരിക്കും!!