Saturday, February 2, 2008

മരണം എന്ന കാമുകന്‍




നീണ്ടകാലങ്ങള്‍ക്കു ശേഷം,
ഞാനിന്നലെ വീണ്ടും അവനെ കണ്ടു.
അതേ മുഖം, വകഞ്ഞുമാറ്റിയ മുടി,
പുഞ്ചിരിയൊളിപ്പിക്കുന്ന ചുണ്ടുകള്‍,
തീക്ഷ്ണമായ കണ്ണുകള്‍.
അവന്‍ എന്റെ അടുക്കല്‍,
എന്നെ ചേര്‍ന്നിരിക്കുകയായിരുന്നു.
എന്റെ കണ്ണുകള്‍ അകാരണമായ്,
ഭയത്തിന്റെ ആവരണം പുതയ്ക്കാന്‍ തുടങ്ങിയപ്പോള്‍,
കണ്ണുനീര്‍ അടര്‍ന്നു വീഴാന്‍ ശ്രമിച്ചപ്പോള്‍
ഞാന്‍ കണ്ണുകളടച്ചു.
എന്റെ കണ്ണുകള്‍ക്കു മീതെ.....
നിശ്വാസത്തിന്റെ തണുപ്പ്...
എന്റെ നെറ്റിയില്‍ അവന്റെ ചുണ്ടിന്റെ തണുപ്പ്...
ഞെട്ടി, എങ്കിലും ഞാന്‍ കണ്ണുതുറന്നില്ല
എന്തേ? ഇത്രയും തണുപ്പ്?
നിന്റെ ചൂട്, നിന്റെ സ്നേഹം എവിടെ?
ഞാന്‍ അതിശയിച്ചു!
മൂടല്‍ മഞ്ഞിന്റെ തണുത്ത രാത്രിയില്‍,
നീ ഒരിക്കലും തണുക്കാറില്ലല്ലോ?
നിന്റെ ചൂട് ഒരിക്കലും
നിന്നെ വേര്‍ പിരിയാറില്ലല്ലോ?
ഞാന്‍ സംശയിച്ചു... നീ?
സംസാരിക്കാനാവാതെ ഞാനിരുന്നു!
മറുപടി പറയാനാവാതെ അവനും!
അവനെ ഒന്ന് തൊടാന്‍ ഞാനാഗ്രഹിച്ചു.
എന്റെ കൈകള്‍ അവനെ തൊടാന്‍ നീണ്ടു...
പക്ഷെ...
അവന് ശരീരമില്ലായിരുന്നു...
ചൂടില്ലായിരുന്നു..
സ്പര്‍ശനം ഇല്ലായിരുന്നു....
അവന്‍ മരണമായിരുന്നു!
ആത്മാവായിരുന്നു....
എന്നെ സ്നേഹിച്ച എന്റെ പ്രിയകാമുകനായിരുന്നു!!!

19 comments:

നജൂസ്‌ said...

ആ കാമുകന്‍ വരിക തന്നെ ചെയ്യും അല്‍പം വൈകിയാലും...

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ട..നജൂസ്..
നന്ദി..
ചേച്ചി.

ഗിരീഷ്‌ എ എസ്‌ said...

കവിത നന്നായിട്ടുണ്ട്‌...
ആര്‍ക്കും
നിര്‍വചിക്കാനാവാത്ത
കാമുകനെ കുറിച്ചുള്ള
വിവരണം
നന്നായി...

(കവിതയുടെ തലക്കെട്ടില്‍ തീം വ്യക്തമാക്കിയ സാഹചര്യത്തില്‍ അവസാനവരികളില്‍ തുറന്നുപറച്ചില്‍ ഒഴിവാക്കാമായിരുന്നു...)

ആശംസകളോടെ...

അച്ചു said...

ബ്ലോഗില്‍ ഇടുന്ന പടങ്ങള്‍ സ്വന്തം അല്ലെങ്കില്‍ അത് കിട്ടിയ ലിങ്കോ അതു എടുത്ത ആളിന്റെ പേരോ ഇടുന്നത് ഉചിതം..

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ട ദ്രൌപദി..
നന്ദി..

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ട..
കൂട്ടുകാരാ....
എന്റെ..ഒരു.കൂട്ടുകാരന്‍.
അയച്ചുതന്നതാണു..
ഈപടങ്ങള്‍.....
ബ്ലൊഗില്‍..ഇടാന്‍..
എവിടെനിന്നു കിട്ടിയെന്നറിയില്ല...
ശ്രീദേവി

അച്ചു said...

zreedaevi, ഈ പടങ്ങള്‍ എല്ലാം ആരുടെയെങ്കിലും സൃഷ്ടികള്‍ ആയിരിക്കും..അപ്പൊ ഇത്തരം ചിത്രങ്ങള്‍ക്ക് ക്രെഡിറ്റ് അവര്‍ക്ക് നല്‍കണം എന്നെ ഞാന്‍ ഉദ്ധേശിച്ചുള്ളു..

siva // ശിവ said...

സുന്ദരമീ കവിത....

വേണു venu said...

എന്നെ സ്നേഹിച്ച എന്റെ പ്രിയകാമുകനായിരുന്നു!!!

ദ്രൌപദി നന്നായി എന്നു പറഞ്ഞതു്. ആര്‍ക്കും നിര്‍വ്വചിക്കാനാവാത്ത മരണമെന്ന വിവരണത്തിനാലാണ്‍.‍‍
ആ നിര്‍വ്വചനമില്ലായ്മയിലെ കാമുകനെ എനിക്കിഷ്ടമായില്ല.
ശ്രീദേവിനായര്‍‍, ആശയം .....അതോ എനിക്ക് തോന്നിയതോ.?

SreeDeviNair.ശ്രീരാഗം said...

പ്രിയ.വേണുജി..
ഉത്തരം....
ഞാനും..
ആലോചിക്കുന്നു..
അങ്ങനെ.ഒരു..കാമുകന്‍..
മനസ്സിനു..എന്നും..ഒരു..
കൂട്ടായിരിക്കും..അല്ലേ??
ശ്രീദേവി.

ബഷീർ said...

അവന് ശരീരമില്ലായിരുന്നു...
ചൂടില്ലായിരുന്നു..
സ്പര്‍ശനം ഇല്ലായിരുന്നു....
അവന്‍ മരണമായിരുന്നു!
ആത്മാവായിരുന്നു....
എന്നെ സ്നേഹിച്ച എന്റെ പ്രിയകാമുകനായിരുന്നു!!!

====================
അവന്‍ മരണമായിരുന്നെങ്കില്‍ , പിന്നെ ആത്മാവ്‌ ആകുന്നതെങ്ങിനെ ? ആത്മാവിനു മരണമില്ല.. മരണത്തിനും ഒരിക്കല്‍ മരണമുണ്ട്‌.. എല്ലാ ആത്മാവുകളും ഈ ലോകത്ത്‌ നിന്ന് വിടപറഞ്ഞ്‌ ..വിധി ദിവസത്തില്‍ വീണ്ടും ശരീരത്തോട്‌ കൂടി ഒരുമിച്ച്‌ കൂടിയതിനു ശേഷം ഒരു പ്രതീമാത്മക മരണം.. പിന്നെ മരണത്തിനു ജനനമില്ല.. മരണവുമില്ല...

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ട..
ബഷീര്‍..
എന്റെ..കാമുകന്‍..
ഒരേ സമയം..മരണവും..
ആത്മാവും..ജീവിതവും..
അനന്തതയും..അപാരതയും...
ഒക്കെയാണു....
ദയവായി.ക്ഷമിക്കുക....

ധ്വനി | Dhwani said...

മരണം നമ്മില്‍ തന്നെ എന്നാണോ?

ഭാവന നന്നായി! കാമുകന്‍ സുന്ദരനാണെന്നു തോന്നി! :)

Teena C George said...

കാമുകന്‍ ഒരേ സമയം മരണവും ആത്മാവും ജീവിതവും അനന്തതയും അപാരതയും ഒക്കെയാവുക!

അതോ, മരണത്തെ തന്നെ കാമുകനാക്കി വല്ലാതങ്ങു പ്രണയിക്കുകയോ...

ജീവിച്ചിരിന്നുകൊണ്ടു തന്നെ മരണത്തെ പ്രണയിക്കാന്‍ കഴിയുക... പ്രണയിക്കേണ്ടി വരിക...
വല്ലാത്തൊരു അവസ്ഥയാണത്...

ആ‍ശംസകള്‍...

SreeDeviNair.ശ്രീരാഗം said...

പ്രിയ.ധ്വനി..
അങ്ങനെയല്ലേ??
അതാണു.സത്യം.

SreeDeviNair.ശ്രീരാഗം said...

പ്രിയ..റ്റീനാ...
അവന്‍..സത്യമാണു..
നിത്യമാണു..
അരൂപിയുമാണു..
പിന്നെന്താ..അല്ലേ??
ശ്രീദേവി

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ട..
ശിവകുമാര്‍.
നന്ദി

ഏ.ആര്‍. നജീം said...

വേര്‍പാടിന്റെ വ്യസനവും, അനുരാഗത്തിന്റെ സൗന്ദര്യവും,നഷ്ടപ്പെടലിന്റെ ദുഖവും, അങ്ങിനെ എന്തൊക്കെയൊ ചിന്തകള്‍ ഒളിപ്പിച്ച ഒരു നല്ല കവിത...

SreeDeviNair.ശ്രീരാഗം said...

നജീം...
ഇതാണു....
ജീവിതം.