
എന്റെ അടുക്കളയിലെ പാത്രങ്ങള്‍ പലതും സംസാരിക്കാറുണ്ട്. സിനിമയെക്കുറിച്ച്,പാചകത്തെക്കുറിച്ച്,
സംഗീതത്തെക്കുറിച്ച്, വസ്ത്രധാരണത്തെക്കുറിച്ച്,
ചില കാര്യങ്ങളില്‍ അവര്‍ കടുത്തപക്ഷപാതികളാണ്.
ചിലപ്പോള്‍, അവര്‍ ഭിന്നതയുടെ പേരില്‍ കലഹിക്കും.
താഴെ വീണു അത്മഹത്യചെയ്യും.
എപ്പോഴും പരാതിപറയുന്ന വ്രദ്ധരായവരുടെ മനസ്സാണ്
എന്റെ പാത്രങ്ങളുടെ കൈ മുതല്‍.
എങ്ങനെ അടുക്കിവച്ച്, മാന്യതകാട്ടിയാലും
അവര്‍ പിണങ്ങും. പിണക്കം, തമ്മിലടിയിലും
പൊട്ടിച്ചിതറലിലുമാവും അവസാനിക്കുക!
ഞാന്‍ ഉറങ്ങാന്‍ കിടന്നാലും അവ ഉറങ്ങാറില്ല!
രാത്രി ഒരു മണിക്കും രണ്ടു മണിക്കും അവ പോരടിക്കാറുണ്ട്! മദ്ധ്യസ്ഥതക്കെത്തുന്ന പൂച്ചയെ
അവര്‍ വിരട്ടിയോടിക്കുകയാണ് പതിവ്.
രാത്രിലൊരുപോള കണ്ണടയ്ക്കാതെ
ഈ പാത്രങ്ങള്‍ എന്താണ് ചെയ്യുന്നത്?
ഞാന്‍ വരുന്നുണ്ടെന്നറിഞ്ഞാല്‍ കളിയാക്കികൊണ്ടുള്ള
മൌനം പാലിക്കല്‍, വരിതെറ്റാതെ നോക്കല്‍
ഇവയുടെ സ്ഥിരം ഏര്‍പ്പാടാണ്.
വെള്ളത്തിനായി ദാഹിക്കുമെങ്കിലും കുടിക്കില്ല,
കുളിക്കാന്‍ ഇഷ്ടമല്ല, കണ്ണീരുകുടിച്ചു
വറ്റിച്ച മുഖം മാത്രം മിനുക്കി,
എന്നെ നോക്കി ചിരിക്കും!
എന്നെ സന്തോഷിപ്പിക്കാന്‍ മാത്രം!!!
ഞാന്‍ പുറത്തുപോയാല്‍ അവ അനങ്ങില്ല,
വരുന്നതുവരെ ഒരേ ഇരുപ്പാണ്.
നിശബ്ദതപാലിക്കുക എന്നത്
എത്ര ഹ്രദയഭേദകമാണെന്ന്, മനസ്സിലാക്കിയത്,
എന്റെ പാത്രങ്ങളെ കണ്ടാണ്!!!