Wednesday, January 14, 2009

ഫലവൃക്ഷം

അണ്ണാറക്കണ്ണന്‍,വീണ്ടുംവീണ്ടും ചിലച്ചു....
ഞാന്‍,കേള്‍ക്കാത്തഭാവത്തില്‍നിന്നു!
എന്റെ ശരീരംനിറയെ വസന്തത്തിന്റെ
വരദാനം പോലെ പൂമൊട്ടുകള്‍!

വിടരാന്‍ തുടങ്ങുന്നപൂമൊട്ടുകള്‍....!
എനിയ്ക്ക് ഇപ്പോള്‍ ആവശ്യം;
ഒരു ഭ്രമരമാണ്,
അവനെന്റെ നാളത്തെപ്രതീക്ഷകളെ
സഫലീകരിച്ചേയ്ക്കാം...!
സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കിയേക്കാം....!

അണ്ണാറക്കണ്ണന്‍,വീണ്ടും വീ‍ണ്ടുംചിലച്ചു......
ഞാന്‍,എന്റെ ശിഖരങ്ങള്‍ കാറ്റിലുലയ്ക്കാതെ,
ഇളക്കാതെ,അനക്കാതെ,കണ്‍കൂപ്പികുനിഞ്ഞു
നിന്നു....
അവനെ കാണാത്തതുപോലെ....!

എന്റെ ചുറ്റുംനിരന്നുനിന്നപൂമരങ്ങളെല്ലാം;
അണ്ണാറക്കണ്ണന്റെ പ്രണയത്തില്‍ സ്വയം
മറന്നുവോ?
അവനെക്കണ്ടപാടെ ആടിത്തിമിര്‍ത്ത
ശിഖരങ്ങളില്‍;
അവര്‍ നാളത്തെ ഫലങ്ങളെ നഷ്ടപ്പെടുത്തിയോ?

ശിഖരങ്ങള്‍ കുലുക്കി പ്രണയം നടിച്ച്,
അവര്‍ അവനെ ആകര്‍ഷിക്കുന്നത്
ഞാന്‍ പരിഹാസത്തോടെ നോക്കിനിന്നു!

ഓരോ തവണയും അണ്ണാറക്കണ്ണന്‍ ഓരോ
മരങ്ങളുടെയും പൂതൊഴിച്ചു,നിര്‍വൃതി
കണ്ടെടുക്കുകയായിരുന്നു!
അണ്ണാറക്കണ്ണന്‍,വീണ്ടും ചിലച്ചു...

യുവകാമുകനെപ്പോലെ,
അവന്‍,
ഒന്നില്‍നിന്നും അടുത്തതില്‍...
പൂമരത്തില്‍ നിന്ന്,വന്മരത്തിലേയ്ക്ക്....
ഉത്സാഹത്തോടെ ചാടിരസിച്ചുകൊണ്ടേ
യിരുന്നു....

തോട്ടത്തിലെ പൂമരങ്ങള്‍ എന്നെ
അവജ്ഞയോടെ നോക്കി;
അവനോടൊപ്പമാടിത്തിമിര്‍ത്തുകോണ്ടേ
യിരുന്നു!

ഞാന്‍ അവരുടെ പതനം ഒരിക്കലും
ആഗ്രഹിക്കുന്നില്ല;
നിരാശകൊണ്ടും,ദുഃഖംകൊണ്ടുമെന്റെ
മനസ്സ് വേദനിച്ചു.
ഒന്നും കാണാത്ത ഭാവത്തില്‍...
കേള്‍ക്കാത്തെ ഭാവത്തില്‍....
ഞാന്‍ എന്റെ പൂവുകള്‍
ഫലമാകാന്‍,കാത്തിരുന്നു....!

സ്നേഹദൂതനായ ഒരു ഭ്രമരത്തിന്റെ
വരവും കാത്ത്,ഞാന്‍
നോക്കിയിരുന്നു.....അകലെ...അകലെ..!

അണ്ണാറക്കണ്ണന്‍ വീണ്ടും ചിലച്ചു...
വീണ്ടും...വീണ്ടും..വീണ്ടും...!

ശിഖരങ്ങളില്‍ തലമറച്ചു ഞാന്‍
ഒളിച്ചിരുന്നു;
എന്നെ ഏറുകണ്ണിട്ട് നോക്കി അവന്‍
അടുത്തമരത്തില്‍ ചാടിക്കയറി....
വസന്തകാലം വിടപറഞ്ഞു കഴിയുന്ന
വരെ അവന്‍ ആടിത്തിമിര്‍ത്തു....

എല്ലാമരങ്ങളുടെയും;
പൂതൊഴിച്ചു,തേന്‍ നുകര്‍ന്ന്,
ഉന്മത്തനായി വിടപറയാന്‍ ഒരുങ്ങന്ന
അവനെക്കണ്ട പൂമരങ്ങള്‍
നിഷ്ഫലമായ സ്വപ്നങ്ങളില്‍
സ്വന്തം ഫലങ്ങളെ ഓര്‍ത്തുവിലപിച്ചു!

കാമുകനെ നഷ്ടപ്പെട്ട കാമുകിമാരെപ്പോലെ;
പൂന്തോട്ടം നിര്‍വ്വികാരയായി...
പൂമരങ്ങള്‍ ദീര്‍ഘനിശ്വാസത്തില്‍
സ്വന്തം കരിഞ്ഞ പൂമൊട്ടുകളെ കണ്ടു!
നഷ്ടപ്പെട്ട കിട്ടാക്കനികളെ നോക്കിനിന്ന
അവര്‍;

എന്നെനോക്കി വിളറിച്ചിരിച്ചു...
എന്റെ ശിഖരങ്ങളിലെ
അണ്ണാറക്കണ്ണന്‍ തൊടാത്തഫലങ്ങളെയും!

Tuesday, January 6, 2009

ഭാഗം4

കൌമാരകാലത്തിന്റ് നിറപ്പകിട്ടില്‍
ഞാന്‍ എന്നെഅന്യേഷിച്ചത് സ്നേഹമുള്ള
സൌഹൃദങ്ങളില്‍ മാത്രമായിരുന്നു.
ബന്ധിപ്പൂവിന്റെ നിറമുള്ള ദാവണിയണിഞ്ഞു
മറ്റൊരുബന്ധിപ്പൂപോലെപുഞ്ചിരിതൂകിനിന്ന
കാലം...!
അറിയപ്പെടാന്‍ ആഗ്രഹിച്ചതൊന്നും അറിയാന്‍
കഴിയാത്ത,അറിഞ്ഞതൊന്നും പുറത്തുപറയാന്‍
കഴിയാത്ത ഒരു യൌവ്വനം എന്നിലെ ഏകാന്ത
തയ്ക്ക് മിഴിവേകി.ഏകാന്തതയുടെ തടവറയില്‍
യൌവ്വനമെന്തിനോവേണ്ടി കാത്തുനിന്നു!

കാലയവനികയ്ക്കുള്ളില്‍ മറയുന്നചിന്തകളില്‍
ഞാനെന്നും ബാല്യകൌമാരയൌവ്വന ചിന്തകളെ
മറയ്ക്കുന്നു.എന്റെ നിസ്സഹായാവസ്ഥയുടെ
പലതരം വികാരങ്ങളെ യിന്നും ഒട്ടുംചോര്‍ത്താതെ
എന്റെ മുന്നില്‍ കൊണ്ടുനിര്‍ത്തുന്നു.

ഇത്രയും കാത്തിരിപ്പിനുശേഷവും ഞാനെന്റെ
ഓര്‍മ്മച്ചെപ്പു തുറന്നുനോക്കാതിരുന്നത്
എന്താണെന്നും,ഭണ്ഡാരപ്പുരയുടെ താക്കോള്‍
എവിടെയോ നഷ്ടപ്പെട്ടുവോയെന്നും ഞാന്‍
എന്നോടുതന്നെ ചോദിച്ചുപോകാറുമുണ്ട്!

മനസ്സില്‍ സൂക്ഷിക്കാന്‍ ആയിരംകാര്യങ്ങള്‍,
പുറത്തപറയാന്‍ പറ്റാത്ത ചിന്തകള്‍
പതിനായിരങ്ങള്‍..
ഇതിലേതു സൂക്ഷിക്കണം,ഏതുമായ്ക്കണം?

പെണ്മനം,കണക്കെടുക്കാന്‍പറ്റാത്തതരം
അപമാനങ്ങളുടേയും,അസൂയയുടേയും,
മാറ്റുരയ്ക്കാന്‍പറ്റാത്തപലവിധമോഹ
സങ്കല്പങ്ങളുടേയും,ആകെത്തുകയല്ലേ?

(ബാക്കിഭാഗങ്ങള്‍പിന്നീട്)

Monday, January 5, 2009

ഭാഗം3

അഞ്ചാംക്ലാസ്സിലോട്ട് കയറിയപ്പോള്‍
ഞാനുംവലുതായി.പിന്നെ എന്റെക്ലാസ്സില്‍
ആണ്‍കുട്ടികളില്ല.എല്ലാപേരും പെണ്‍കുട്ടികള്‍
ആരെയെങ്കിലും കൂട്ടുപിടിക്കാതെ എങ്ങനെ
മുമ്പോട്ട്പോകും?



അങ്ങനെ,അവസാനംഒരുപാവംസുന്ദരി
എന്റെ കൂട്ടുകാരിയായി.പാവന!
പേരുപോലെ പാവനം.എപ്പോഴും ചിരിക്കും
പതുക്കെ സംസാരിക്കും.എപ്പോഴും എന്തെങ്കിലും
എന്നോടു മെല്ലെപ്പറഞ്ഞു ചിരിക്കയും ചെയ്യും.
പോരെ?ധാരാളം....
പക്ഷേ?

പാവനയുടെ കാര്യം എന്റെ വീട്ടില്‍ മാത്രം
ഞാന്‍ പറയാതിരിക്കാന്‍ ശ്രമിച്ചു.
എന്തിനുംകുറ്റംകണ്ടുപിടിക്കുന്നതില്‍അവരെല്ലാം
വളരെ മിടുക്കരാണല്ലോ? എന്നുംവളരെ
സന്തോഷത്തോടെഞാനുംസ്കൂളില്‍
പോയിത്തുടങ്ങീ...

ഒരു ദിവസംരാവിലെ പോകുന്നവഴി,
പാവന എന്നോട് പറഞ്ഞു;
ദേവി ഇന്ന് നീഎന്റെകൂടെഒരിടംവരെ വരുമോ?


പിന്നെന്താ?ഞാന്‍ എന്തിനും റെഡിയല്ലേ?
അങ്ങനെ,പോകുന്നവഴി ഞങ്ങള്‍ ഒരു വീട്ടില്‍
കയറി.
അവിടെ ...
പുറത്താരെയും കണ്ടില്ല,പരിചയമുള്ള സ്ഥലം
പോലെ അവള്‍ ഉള്ളിലോട്ട് കയറി.ഞാനും
കൂടെ നടന്നു.അകത്ത് ഒരു അമ്മൂമ്മ
നിലത്തിരുന്ന് ഒരു പാത്രത്തില്പഴങ്കഞ്ഞി
കുടിക്കുന്നു.കാന്താരിമുളകും കപ്പയുംചേര്‍ത്തു
കഞ്ഞികുടിക്കുന്ന അവരെ ഞാന്‍ നോക്കിനിന്നു.




അവര്‍ ഒന്നു തലയുയര്‍ത്തിനോക്കിചിരിച്ചു.
കൈയിലിരുന്ന ഒരു പൊതിഅമ്മൂമ്മയുടെ
കൈയിലേല്പിച്ചുഅവള്‍ തിരിയുമ്പോള്‍
എനിയ്ക്ക് അവളോട് ഒരായിരം ചോദ്യങ്ങള്‍
ചോദിക്കാനുള്ളതുപോലെ!
എന്നെ മനസ്സിലാക്കിയതുപോലെ പാവന ഇത്രയും
പറഞ്ഞു.നമുക്ക് പോകാം...ബെല്ലടിക്കും!



വഴിനീളെ അവള്‍ ഒന്നും പറഞ്ഞില്ല,
മ്ലാനമായ മുഖം.ഞാന്‍ ഒന്നും മിണ്ടാതെ
കൂടെനടന്നു...
നിശബ്ദത പെട്ടെന്ന് മാറ്റി പാവന ഒന്ന്
ചിരിച്ചു,എന്നിട്ട് പതുക്കെപറഞ്ഞുതുടങ്ങി..


അതു അമ്മൂമ്മയാ...എന്റെ അമ്മയുടെഅമ്മ!
അമ്മയുടെ ആജ്ഞയാ,അവിടെചെന്നാല്‍ ഒന്നും
പറയരുത്,ചോദിക്കരുത്,വാങ്ങിക്കഴിക്കരുത്.
അത്ഭുതത്തോടെ നിന്നഎന്നോട്,അവള്‍ ഇത്രയും
കൂടിപ്പറഞ്ഞു..

ഞാന്‍ അമ്മൂമ്മയ്ക്കുകൊടുത്തപൊതി
നീ കണ്ടോ?അതില്‍ നിറയെ കാശാ...
ഒരായിരം രൂപയെങ്കിലും കാണും!

ഞാന്‍ വീണ്ടുമതിശയിച്ചു.....?


വലുതായെങ്കിലും, ഇനിയുംഒരുപാട്
അറിയാനുണ്ടെന്ന് വീണ്ടും എനിയ്ക്ക്
തോന്നിത്തുടങ്ങിയത് അന്നായിരുന്നു!


തുടരും.

Sunday, January 4, 2009

ഭാഗം 2

എന്റെ ഇഷ്ടങ്ങള്‍ എന്നുമേട്ടനെശല്യപ്പെടുത്തി.
ഏട്ടന്റെ വസ്ത്രങ്ങളെടുത്ത് ധരിച്ച് ഞാന്‍
ഒരാണ്‍കുട്ടിയാകാന്‍ വൃഥാശ്രമം നടത്തി
അവിടെയും പരാജയപ്പെട്ടു!

പിന്നെയാണെന്റെക്ലാസിലെ വിശ്വനാഥന്‍
എന്റെ കൂട്ടുകാരനായത്.എന്റെഅടുക്കലി
രിക്കുന്നവിശ്വന്‍ നല്ലനിക്കറും ഷര്‍ട്ടുംധരിച്ച്
എന്നും ക്ലാസ്സില്‍ വരും .എന്തോരുമണം;
ഒരുദിവസം അവന്‍ അതുപറഞ്ഞു,
അതൊക്കെ പേര്‍ഷ്യന്‍ തുണിയാ...അവന്റെ
അച്ഛന്‍ പേര്‍ഷ്യയിലാ,ഞാന്‍ എന്നും
അവന്റെ ഒപ്പം നടന്നു.സ്ലേറ്റുപെന്‍സിലിന്റെ
യും മഷിത്തണ്ടിന്റെയും മണമുള്ള ആകാലം,
എന്റെ ജീവിതത്തില്‍ പേര്‍ഷ്യന്‍ മണവും
സമ്മാനിച്ചു!

സ്കൂള്‍വിട്ട് ഒരുമിച്ചുനടന്ന് വീട്ടില്പോകുന്ന
ഞങ്ങളെക്കണ്ടമുതിര്‍ന്ന പെണ്‍കുട്ടികള്‍
അടക്കം പറഞ്ഞു ചിരിച്ചു.കളിയാക്കി.
മൂന്നാംക്ലാസ്സുകാരായഞങ്ങള്‍ അതുകണ്ട്
കൂടെച്ചിരിച്ചു.ഇതുപതിവായപ്പോള്‍ പിന്നെയും
ഉണ്ടായിസ്ഥിരം പല്ലവി;അതുപക്ഷേ,അമ്മയുടെ
വകയല്ലയെന്നുമാത്രം!

അടുക്കളക്കാരി ജാനുഒരു ദിവസം കണ്ണുതുറിച്ച്
എന്നോട് കയര്‍ത്തു.സ്കൂള്‍വിട്ട് വിശ്വന്റെകൂടെ
കൈകോര്‍ത്ത് വാതോരതെസംസാരിച്ചുവന്നഞാന്‍
പെട്ടെന്ന് അതുകേട്ട് പൊട്ടിത്തെറിച്ചു.

കൊച്ചെ,എന്തായിത് .ആമ്പിള്ളേരാ കൂട്ട്?
കൊച്ചിനുമാത്രമെന്താഎല്ലാത്തിനുമൊരുപൊല്ലാപ്പ്
പെണ്‍പിള്ളാരെആരുംകിട്ടീല്ലേ?ഒരുകൂട്ട്!
കൊച്ചിലേ ചൊല്ലിക്കൊടുത്തുവളര്‍ത്തണം....
ജാനു മെല്ലെപ്പറഞ്ഞുഒന്നുഇരുത്തിമൂളി!
വിശ്വന്‍ എന്റെകൈവിട്ട് അര്‍ത്ഥമറിയാതെ
മിഴിച്ചുനിന്നു.ഞാന്‍ കേട്ടുതഴമ്പിച്ചകാതുകളില്‍
ഒന്നുംകേല്‍ക്കാത്ത ഭാവംനടിച്ചു.

ഉപദേശവുംകഴിഞ്ഞു ചന്തികുലുക്കിനടന്നു
പോകുന്ന ജാനുവിനെ ഞാന്‍ തിരിഞ്ഞു
നോക്കിനിന്നു.കണ്ണില്‍നിന്നുമ്മറയുന്നതുവരെ.
എന്റെകണ്ണില്‍ജാനുവിന്റെ വാക്കുകള്‍
അപ്പോള്‍ മറഞ്ഞുനിന്നു;പക്ഷേ ജാനുവിന്റെ
പുറംഭാഗം മാത്രം മറയാതെനിന്നു.
ഞാന്‍ കണ്ണന്‍ മാഷിനെഓര്‍ത്തു.മാഷ്കണ്ടിരു
ന്നെങ്കില്‍ ഇപ്പോള്‍ ചീത്തപറഞ്ഞതിന് ജാനു
വിന്റെ ചന്തിയ്ക്ക് നല്ലപെട കിട്ടിയേനേ!

ഭൂമികുലുക്കിനടന്ന്പോകുന്നജാനുവിന്റ്
പിറകേ സൈക്കിളില്‍ പായുന്ന പത്രക്കാരന്‍
പെട്ടെന്ന് സൈക്കിളില്‍ നിന്ന് ഇറങ്ങി
നടന്ന് പോകുന്നു.എന്തുപറ്റി?സൈക്കിള്‍
പഞ്ചറായോ?ഞാന്‍ അവിടെത്തന്നെനിന്നു!

ജാനുവിന്റെ കൂട്ടുകാരനായിരിക്കുംഅല്ലേ?
ജാനൂനെകുറ്റം പറയാന്‍ ആരുമില്ലല്ലോ?
മുതിര്‍ന്നവര്‍ക്ക്എന്തുമാകാമല്ലോ?അല്ലേ?
ഞാനുംമുതിര്‍ന്നിരുന്നെങ്കില്‍!
ആദ്യമായിഎന്റെകുട്ടിക്കാലത്തെആദ്യത്തെ
മോഹംഞാന്‍,കണ്ടെടുക്കുകയായിരുന്നു!

തുടരും..

Saturday, January 3, 2009

പെണ്ണ്

(കഥ)

ഉള്ളില്‍തോന്നുന്നതൊന്നുമെനിയ്ക്ക്
പുറത്തുപറയാന്‍ അനുവാദമില്ല.
ഒരു ജയില്‍പ്പുള്ളിയോ,കൊള്ളക്കാരിയോ,
ആയതുകൊണ്ടല്ലാ;ഒരുഭാര്യയും വീട്ടമ്മയും
ആയതുകൊണ്ടുമല്ല.നിങ്ങള്‍ക്കുതോന്നാം,
പിന്നെയെന്ത്കൊണ്ട്?അല്ലേ?

ഇതൊന്നുമല്ലെന്ന്ഞാന്‍പറയുമ്പോഴുംനിങ്ങള്‍
അമ്പരന്ന് എന്റെ മുഖത്തുനോക്കുന്നത്
എനിയ്ക്ക്കാണാം,എനിയ്ക്ക് എന്തുസംഭവിച്ചൂ
എന്നൊരു നിമിഷം നിങ്ങളുടെ ചിന്തയില്‍
ഒരു തോന്നല്‍?ശരിയല്ലേ?

ഒന്നുംസംഭവിച്ചിട്ടില്ലയെന്നുമാത്രമല്ല,
സംഭവിക്കാതിരിക്കാനുംകൂടിയാണ്ഞാന്‍
ഇതൊക്കെ മുന്‍ കൂറായിപ്പറയുന്നത്!
എല്ലാപേരും ആകാംക്ഷാ ഭരിതരായിരിക്കുമ്പോള്‍
ഒരു സംഗതി പെട്ടെന്ന്പറയുക,അതുകേട്ടിരിക്കുന്നവര്‍
പെട്ടെന്ന് പൊട്ടിത്തെറിക്കുക,ഇതൊകെയല്ലേ
ഇപ്പോഴത്തെ ഒരു സ്റ്റൈല്‍!

ഇനി ഞാന്‍ അധികം മുഖവുരയില്ലാതെ
കാര്യം പറയാം.ഞാനൊരുസ്ത്രീയായതുകൊണ്ട്!
അയ്യേ,നിങ്ങള്‍ എന്തൊക്കെയോപ്രതീക്ഷിച്ചു;അല്ലെ?

ഇതാണ്,എന്റെ സ്വഭാവം!ഇപ്പോഴത്തെ
സീരിയലുകളെപ്പോലെ മനുഷ്യരുടെ
ക്ഷമയുടെ നെല്ലിപ്പലക കാണുന്നതരത്തിലുള്ള
ഒരു സംസാരശൈലി രൂപപ്പെടുത്തിയെടുക്കാന്‍
ഞാനും വളരെയേറെ പാടുപെടേണ്ടിവന്നു.
പതിവായികണ്ടുകൊണ്ടിരിക്കുന്നസീരിയല്‍
പെട്ടെന്ന് മനുഷ്യരെവിഡ്ഡിയാക്കിപൊട്ടിച്ചിരി
ക്കുമ്പോള്‍നാമുംഇരട്ടനിലയില്‍പൊട്ടിത്തെറിക്കുന്നു!
നമ്മുടെഉള്ളില്‍ നമ്മോടുതന്നെ അവജ്ഞതോന്നി
പ്പോകുന്നു.
ആരുംശ്രദ്ധിക്കുന്നില്ലെന്ന ഉറപ്പില്‍ ഇടംവലം
നോക്കിമെല്ലെ എഴുനേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍;

പത്രംവായിക്കുന്നുവെന്ന നാട്യത്തില്‍
ഏറുകണ്ണിട്ട് സീരിയല്‍ കാണുന്ന ഭര്‍ത്താവും,
പുസ്തകം തുറന്നുവച്ചു റ്റിവികാണുന്ന
കുട്ടികളും,നിലംവൃത്തിയാക്കാനെന്ന നാട്യത്തില്‍
സീരിയല്‍ കാണുന്ന വേലക്കാരിയും അറിയാത്ത
ഭാവത്തില്‍ മാനത്തുനോക്കിതങ്ങളുടെ
നിരാശ കാണിക്കാതിരിക്കാന്‍ ശ്രമിക്കുന്നു!

ഇവിടെ ആര്,ആരെകുറ്റപ്പെടുത്തണം?
പിന്നെ അല്പസമയം കണ്ണടച്ചിരിക്കാം
ഇരുട്ടാക്കാനല്ല,സമാധാനിക്കാന്‍!
ഇനികാര്യത്തിലോട്ട് കടക്കാം....

കുഞ്ഞിലേ,അമ്മ പറഞ്ഞു;
നീഒരു പെണ്ണാണ്,അടങ്ങിയൊതുങ്ങി
വളരണം!
അന്ന്,ഞാന്‍ അമ്മയുടെ കണ്ണില്‍തുറിച്ചു
നോക്കി.
എന്താ?എങ്ങനെ അടങ്ങണം?
എങ്ങനെഒതുങ്ങണം?
നിലത്തു നിന്നു വളരണം!
അടുത്തത് അതായിരുന്നു.
നിലത്തല്ലേ ഞാന്‍ നില്‍ക്കുന്നത്?
ഉപദേശം കേട്ട് മടുത്ത ഞാന്‍ പെണ്ണ്
എന്ന വാക്കുതന്നെ വെറുത്തു.
അമ്മ ഉപദേശിക്കാന്‍ വാതുറക്കുമ്പോള്‍
ഞാന്‍ ചെവിപൊത്തിത്തുടങ്ങീ.

അങ്ങനെയാണ് ഞാന്‍ എന്നപെണ്ണ്
സ്ത്രീ വിരോധിയായിത്തീര്‍ന്നത്!
ഞാന്‍ ഫ്രോക്കിനെ വെറുത്തു,പെണ്‍
വസ്ത്രങ്ങളെയും വെറുത്തു.എന്റെ
കൂട്ടുകാരി അമ്മിണി നല്ല ഫ്രോക്കിട്ടു
വരുന്നത് കണ്ടാലും ഞാന്‍ ശ്രദ്ധിക്കാറില്ല
എന്റെ ഫ്രോക്കുപോലും ഞാന്‍ നോക്കാറില്ല
പിന്നെയല്ലേ,അമ്മിണിയും ചിമ്മിനിയു!

ഇതിനും എനിയ്ക്ക്തല്ലുകിട്ടാറുണ്ട്,എന്തിനും
വിപരീതംപറയുന്ന ഞാന്‍ചിലപ്പോള്‍അര്‍ത്ഥ
മറിയാതെ പറയുന്നത്,ചീത്തവാക്കുകളായി
പ്പോകാറുണ്ട്.പക്ഷേ?കണ്ണന്‍ മാഷിന്റെ
മലയാളം ക്ലാസ്സില്‍ എന്നുംഞാന്‍ ഒന്നാം
സ്ഥാനം കയ്യടക്കി സ്വയം തൃപ്തയായി!

പക്ഷെ.ചിലസമയങ്ങളില്‍മാത്രം വിപരീത
പദം സ്വയംപരീക്ഷിച്ചയെനിയ്ക്ക്,മാഷിന്റെ
ചൂരല്പ്രയോഗത്താല്‍ ചന്തിയില്‍ നല്ല
തല്ലും കിട്ടി.

ഞാന്‍ പറഞ്ഞുവന്നത്,പെണ്ണിനെ വെറുത്ത
ഞാന്‍ ആണ്‍കുട്ടികളെ കൂട്ടുകാരാക്കി,
പിന്നെ പ്രശ്നമില്ലല്ലോ?അങ്ങനെ,ഞാന്‍
നിക്കര്‍ ,ഷര്‍ട്ട്,ഇവയൊക്കെ ഇഷ്ടപ്പെട്ടു
തുടങ്ങി..

തുടരും...