Monday, January 28, 2008

ഞാന്‍


ആത്മാര്‍ത്ഥത, ആത്മവഞ്ചന നടത്തുമ്പോള്‍,
ബന്ധങ്ങള്‍ കെട്ടുറപ്പില്ലാതെ പോകുമ്പോള്‍,
നാം ആരെയോ, നോക്കി നെടുവീര്‍പ്പിടുന്നു!
മാതാവിനെ തന്നെയാണോ............
ഉദരം തന്നു സ്നേഹിച്ചതിനോ?
ഉദരപൂരണം നടത്തിയതിനോ?
രക്തം പങ്കുവച്ചതിനോ?
ജീവനായി കരുതിയതിനോ?
ജന്മം തന്നത് പിതാവെങ്കില്‍,
അതിന് ഞാന്‍ നന്ദി പറയണമോ......
പിതാവിന്റെ ജീവനില്‍ ഞാന്‍,
എന്നെ കാണുന്നു...
എന്നില്‍ എന്റെ പിതാവിനേയും...
പിന്നെ ഞാനാരാണ്?
പകുത്തു വയ്ക്കാന്‍ എന്നില്‍,
ഇനിയെന്താണുള്ളത്?
ഞാനെന്ന മിഥ്യ എന്നെ നോക്കുമ്പോള്‍,
ഞാന്‍ ഞാനല്ലാതാകുന്നു!
എനിക്ക് അസ്തിത്വമില്ല!
ഞാന്‍ ദിശനോക്കാതെ അലയുന്ന,
ആത്മാവു മാത്രം!!!

Friday, January 25, 2008

പൊട്ടിയപട്ടം


ദിശമാറിപ്പറക്കുന്ന പട്ടത്തെപ്പോലെ,
എന്റെ മനസ്സ് അസ്വസ്ഥമാണ്!
അതിന് പറക്കാന്‍ ഇനി അനേക കാതം....
പടുമരത്തില്‍ ചുറ്റി പറക്കാന്‍ കഴിയാതെ,
ഞാന്‍ വട്ടം കറങ്ങുന്നു!
എന്റെ ശരീരം കൊടുങ്കാറ്റില്‍‍ തകരാന്‍ ശ്രമിക്കുന്നു!
ആഞ്ഞ് പതിക്കുന്ന മഴ തുള്ളികളില്‍ കുതിര്‍ന്ന്,
എന്റെ നിറം മാറുന്നു!
എന്റെ ആടയാഭരണങ്ങള്‍ പണയപ്പെടുന്നു!
എന്റെ ശരീര ഭാഗങ്ങള്‍ പൊട്ടി ചോരവാര്‍‍ന്നൊഴുകുന്നു!
ഞാന്‍ ആകാശത്തേയ്ക്കു നോക്കി പറക്കാന്‍ അശക്തയാകുന്നു!
എന്റെ മനസ്സ് മാത്രം പതറാതെ സൂര്യനെ നോക്കി നില്‍ക്കുന്നു! ശരീരം മരച്ചില്ലയില്‍ കുരുങ്ങി മരണമണി മുഴക്കുമ്പോഴും,
എന്റെ മനസ്സ് മാറ്റമില്ലാതെ ആദിത്യഹ്‌റദയം ചൊല്ലുന്നു.........

Tuesday, January 22, 2008

വിലങ്ങ്


ബന്ധങ്ങള്‍, ബന്ധനങ്ങളാണ്,
അവ വിലങ്ങുകളാണ്.
ശരീരത്തിനും മനസ്സിനും......
ശരീരം മനസ്സിനെ ആവാഹിക്കുന്നുവോ?
മനസ്സ് ശരീരത്തെയോ?
വിലങ്ങുകള്‍ സന്തോഷവും,
സങ്കടവും തരുന്നു.
അവ കുളിരും തണുപ്പുമാകുമ്പോള്‍,
ചിലപ്പോള്‍.....
ഉഷ്ണമായ് വിയര്‍പ്പൊഴുക്കുന്നു!
ഒരോ തുള്ളി വിയര്‍പ്പിനും,
ഉപ്പുരസം ഉണ്ടായിരിക്കുമോ?
അറിയില്ല..
അത് ഉല്‍ഭവത്തിന്റെ,
സ്ഥിതി അനുസരിച്ചായിരിക്കും!








Tuesday, January 15, 2008

കണക്കുകൂട്ടുമ്പോള്‍


എണ്ണിതിട്ടപ്പെടുത്തിയ കണക്കുകള്‍,
വ്യക്തിയെ ചിന്താധീനനാക്കുമ്പോള്‍,
എണ്ണപ്പെടാത്ത കണക്കുകള്‍ക്കപ്പുറം,
നഗ്നയാഥാര്‍ത്ഥ്യത്തെ ഒരു സങ്കല്‍പ്പമായി,
മനുഷ്യര്‍ കാണുന്നു!
മനക്കണക്കിന്റെ കരുത്ത് കാട്ടി,
കോടാനുകോടി കണക്കുകള്‍,
അര്‍ത്ഥവ്യാപ്തികള്‍ കാട്ടി നിരന്നുനില്‍ക്കുന്നു.
ആകാശനീലിമയ്ക്കപ്പുറം,
കണക്കുകളില്ലാത്ത,
കൊടുക്കല്‍ വാങ്ങലുകള്‍ക്ക്,
അനുസ്‌റണമായ,
സ്നേഹപ്രകടനങ്ങള്‍ ഇല്ലാത്ത,
അപാരതയില്‍,
സ്നേഹം നെടുവീര്‍പ്പുമായ്.............
മനുഷ്യനെ നോക്കിനില്‍ക്കുന്നു!
അവിടെ ഋതുഭേദങ്ങളില്ല,
ജനിമ്‌റിതികളില്ല,
നിമ്നോന്നതങ്ങളില്ല,
മനുഷ്യമനസ്സിന്റെ നിര്‍വ്വികാരതയില്ല,
പകരം.....
സ്നേഹത്തിന്റെ,
മോഹത്തിന്റെ,
പരസ്പരധാരണയുടെ,
അഭിലാഷങ്ങളുടെ,
സുഷുപ്തിയുടെ,
അപാരതയില്‍ മനുഷ്യാത്മാവ്......
ജീവിക്കുന്നു, മരിക്കുന്നു, വീണ്ടും.....
ജനിച്ചുകൊണ്ടേയിരിക്കുന്നു!!!

Monday, January 14, 2008

വിജനവീഥി


എന്റെ മനസ്സ് വിജനമായിരുന്നു...
അത് വിജനവീഥിപോലെ, നിശബ്ദയെ താലോലിച്ചു നിന്നൂ...
എങ്ങും ഏകാന്തത!
ഞാന്‍ നടന്നു നീങ്ങിക്കൊണ്ടിരുന്നു.
ഞാന്‍ നിസ്സംഗയായതുപോലെ!
എന്റെ മനസ്സില്‍,
സ്നേഹം അസ്തമിച്ചോ?
വികാരങ്ങള്‍‌ നിലം പൊത്തിയോ?
അതോ, വിചാരങ്ങളായി, അവ ബുദ്ധി കാട്ടിത്തുടങ്ങിയോ?
എന്റേതെന്നു കരുതിയതെല്ലാം വിട്ടു പോകുന്നത്,
അവജ്ഞയോടെ തിരിഞ്ഞുനോക്കുന്നത്,
ഞാന്‍ കാണുന്നു!
എന്തായിരിക്കും കാരണം?
എത്ര ആലോചിച്ചിട്ടും,
എത്ര ശ്രമിച്ചിട്ടും,
ഉത്തരം കിട്ടുന്നില്ല!
ഞാന്‍ കടലുപോലെ..
അനന്തമാണ്,
ആവേശമാണ്,
അപാരതയാണ്,
അതുപറഞ്ഞത് അവരൊക്കെത്തന്നെയായിരുന്നില്ലേ?
എപ്പോഴായിരിക്കും?
ഓര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍,
ഓര്‍മ്മയുടെ മുറ്റത്തു പലതരം മുഖങ്ങള്‍....
ചിലത് സങ്കോചത്തിന്റേത്,
ചിലത് പകയുടേത്,
മറ്റു ചിലതോ... കുറ്റബോധത്തിന്റേതും!
എന്താ നിങ്ങള്‍ ഇങ്ങനെ വിളറുന്നത്?
എന്റെ ചോദ്യം പ്രതീക്ഷിച്ചതു പോലെ അവര്‍,
ഉത്തരം പറഞ്ഞു തുടങ്ങി...
ഓരോ, ഒഴിവുകള്‍.. ഒഴിയലുകള്‍,
ഒരോ ഒഴിവാക്കലുകള്‍...
പഴിചാരലുകള്‍...
എന്തായാലും സ്നേഹത്തിന്റെ വ്രക്ഷത്തിനും,
ഫലത്തിനും ഒരിക്കലും നാശം സംഭവിക്കുന്നില്ല.
അത് കൂടുതല്‍ മധുര ഫലങ്ങളെ വഹിക്കാന്‍ പ്രാപ്തി നേടുന്നു..
ഇപ്പോളെന്റെ മനസ്സ്,
യുദ്ധക്കളം പോലെ ചഞ്ചലമാണ്!
അവിടെ ധര്‍മ്മവും അധര്‍മ്മവും പട വെട്ടുന്നു..
ഞാന്‍..
ഇളക്കമില്ലാതെ,
ദുഃഖിക്കാതെ,
സങ്കോചമില്ലാതെ,
സന്ദേഹമില്ലാതെ,
നോക്കിനിലക്കുന്നു!
നില്ക്കാന്‍ പ്രാപ്തി നേടിയിരിക്കുന്നു!
കാരണം......
എന്റെ മനസ്സ്, ഞാനറിയാതെ,
ചതിയേയും, വഞ്ചനയെയും തിരിച്ചറിഞ്ഞിരിക്കുന്നു!
പ്രേമത്തെയും, കാമത്തെയും വേര്‍തിരിച്ചറിയുന്നു!
വികാരത്തെയും, വിചാരത്തെയും മനസ്സിലാക്കിയിരിക്കുന്നു!
പാപവും, പുണ്യവും കണ്ട് സ്വയം പുഞ്ചിരിച്ചു നില്‍ക്കയും ചെയ്യുന്നു!!!!

Friday, January 11, 2008

പ്രണയം


മുറ്റത്തേക്കു ഞാന്‍ നോക്കി നിന്നു.
തുളസിച്ചെടിക്കു വെളിച്ചം നല്‍കി വിളക്ക് കത്തിനില്‍ക്കുന്നു.
അകലെ വയല്‍ വരമ്പുകളില്‍ മങ്ങിയ പ്രകാശം,
അകലങ്ങളില്‍ നിഴലുകള്‍പോലെ മനുഷ്യര്‍,
മുഖം കാണാന്‍ പ്രയാസം, എന്നാലും തിരിച്ചറിയാം.
കണ്ണില്‍ നിന്നു മറയുന്നതുവരെ,
ആളറിയാതെ പൊയ്ക്കൊണ്ടിരിക്കുന്ന യാത്രയില്‍,
ഞാന്‍ ആരെയാണ് കാത്തു നില്‍ക്കേണ്ടത്?
പടികളിറങ്ങി ഞാന്‍ മാവിന്‍ ചുവട്ടിലോട്ടു മെല്ലെ നടക്കുമ്പോള്‍..............
മാവില, പൊഴിച്ച് അവന്‍ എന്നെ സ്വാഗതം ചെയ്തു!
വരൂ, അവന്‍ ശിഖരങ്ങള്‍ താഴ്ത്തി............
നിനക്ക് മതിയായോ, ഈ ജീവിതം?
അവനെന്റെ മുഖത്ത് ദൈന്യതയോടെ നോക്കിയതു പോലെ!
ചോദിച്ചതു പോലെ!
ഞാന്‍ ചിരിച്ചു,
മതിയായീ..........
നിനക്കോ?
ആയിക്കാണും!
എന്നേ, അവന്‍ എനിക്കു വേണ്ടി കാത്തുനില്‍ക്കുന്നു..............
എന്നൊപ്പം വരാന്‍, എന്നില്‍ അലിഞ്ഞുചേരാന്‍..............
അവന്റെ അരികില്‍ ചെല്ലുമ്പോള്‍,
അവനെ ചേര്‍ന്നു നിന്നപ്പോള്‍,
ഞാന്‍ ഒരു നിമിഷം ചിന്തിച്ചു,
ചോദിച്ചു..............
എന്റെ ശരീരം ദഹിപ്പിക്കാന്‍,
തക്ക കാഠിന്യമുണ്ടോ, നിന്റെ തടികള്‍ക്ക്?
എന്റെ മനസ്സിനെ ഭസ്മീകരിക്കാന്‍,
നിന്റെ ആത്മാവിനു കെല്‍പ്പുണ്ടോ?
കണ്ണീരൊഴുക്കി അവന്‍ മൊഴിഞ്ഞൂ.........
ഇല്ല, എനിക്കാവില്ല.........
ഭസ്മീകരിക്കാന്‍.......
നിന്നെ,
നിന്റെ സ്നേഹത്തെ,
പ്രണയത്തെ,
നിന്റെ ആത്മാവിനെ,
ശരീരത്തെ.........
ഞാന്‍‍ നശിപ്പിക്കില്ല.............
അഗ്നികൂട്ടി തരൂ,
ഞാന്‍ മരിക്കാം, നിനക്കു വേണ്ടി.............
നിന്റെ സ്നേഹത്തിനു പകരം,
നീറി മരിക്കാം................
നിനക്കുവേണ്ടി മാത്രം..............
നീയില്ലാതെ, ആവില്ല,
ഒരിക്കലും ഒരിക്കലും!!!

Wednesday, January 9, 2008

യോദ്ധാവ്



ആ കണ്ണുകള്‍ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി.
നിറഞ്ഞൊഴുകുന്നതായിരുന്നോ?
അല്ല!
നീര്‍ പൊടിയുന്നതായിരുന്നോ?
അല്ല!
അടഞ്ഞുപോകുന്നതായിരുന്നു!
നന്ദിയുടെ....
സ്നേഹത്തിന്റെ.....
വിടപറച്ചിലിന്റെ.......
അവന്‍, തല തിരിച്ച് നോക്കുന്നുണ്ടായിരുന്നു.
നാലുപാടും!
ആരെ?
നിശ്ചയമില്ല, ആരെയും നോക്കാനില്ല എന്നെനിക്കറിയാം,
എങ്കിലും ഒരു യുദ്ധത്തിന് തയ്യാറുള്ളതുപോലെ,
ചെറുപ്പം പോലെ,
ഏതു നേരവും സം‌രക്ഷണത്തിനു തയ്യാറാകുന്നതുപോലെ....
എന്നെ വീണ്ടും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
ചെവി കൂര്‍പ്പിച്ച്,
വാലാട്ടി, കൂടെക്കൂടെ മുരണ്ടുകൊണ്ടിരുന്നു.....
ഞാന്‍ അകലെനിന്നാണെങ്കിലും അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അവനെന്റെ അംഗരക്ഷകനായിരുന്നു.
ആയിരിക്കണം എന്നും ഞാനാഗ്രഹിക്കുന്നു.
പക്ഷെ അവന്‍ പ്രായാധിക്യം കാണിച്ചു തുടങ്ങിയിരിക്കുന്നു.
യുവത്വം അവനോടു വിട പറഞ്ഞു തുടങ്ങിയിരിക്കുന്നു
ഇനിയും തീര്‍ന്നിട്ടില്ലാത്ത ശൌര്യത്താല്‍,
എന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതു പോലെ
എന്റെ പ്രീയപ്പെട്ട “ടൈഗര്‍“‍
നീ എനിക്കെന്നും പ്രീയപ്പെട്ട യോദ്ധാവാണ്,
നിന്റെ മരണം എന്റെ ഭീരുത്വത്തിന്റെ മരണം കൂടിയായിരിക്കും!!