Monday, December 31, 2007

വിരുന്നുകാരന്‍


ഒരു നിലാവു പോലെ അവന്‍ കടന്നു വന്നു. ഒരു കുളിര്‍ തെന്നലായി എന്‍റ്റെ മനസ്സിനകത്തു വിരുന്നു വന്നു. ഒരോണമായ്, വിഷുവായി, എന്റെ മനസ്സില്‍, ദിനരാത്രങ്ങള്‍ സുഖകരമായ അനുഭൂതികളിലേയ്ക്കു കടന്നുപോയപ്പോള്‍...
ഒരു കര്‍ക്കടക പേമാരിയില്‍ അവന്‍ യഥാര്‍ത്ഥ രൂപമായി, കഠോരമായ നാദമായി, മനസ്സിനെ മഥിക്കുന്ന മിന്നലായ്, കോരിച്ചൊരിയുന്ന ദുഖമായി, മനസ്സിനകം തകര്‍ത്ത് എന്റെ കുടിലിനകത്ത് ഞാന്‍ സ്വരൂപിച്ചു വച്ചിരുന്ന നിധി കവര്‍ന്ന് ആരുമറിയാതെ കടന്നു പോകാന്‍ ഒരുങ്ങി.
ഉറക്കം നടിച്ചു കിടന്ന ഞാന്‍ അവന്റെ ചെയ്തികളില്‍ ഉള്ളില്‍ പുഞ്ചിരിച്ചു. അവന്‍ പൊയ്ക്കോട്ടെ, എന്റെ മനസ്സ് അവനു വേണ്ടി ഒരുക്കി വച്ചിരുന്നതെല്ലാം ഒരു നിമിഷം കൊണ്ട് ദുഖത്തിന്റെ അഗ്നിയില്‍ ചാമ്പലാക്കി. അവനറിയാതെ അവനു നല്‍കാന്‍ കരുതിയിരുന്ന, കാഞ്ചന സ്വപ്നങ്ങള്‍ അവനറിയാതെ തന്നെ ഞാന്‍ കുഴിച്ചു മൂടി. ഇനി ഒരിക്കലും അവന്‍ തിരിച്ചു വരാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. മനസ്സ് തകര്‍ത്ത അവന്‍ ഇനിയെന്റെ സ്നേഹത്തിന്‌ അര്‍ഹനുമല്ല! എന്റെ കുടിലിലേക്കുള്ള വഴി ഇനിയും അവന്‍ തിരിച്ചറിയാതിരിക്കാന്‍ ഞാന്‍ രാത്രിയിലെ ഏകാന്തതയില്‍ എന്റെ മുറ്റത്തു ഒരായിരം പിച്ചകതൈകള്‍ വച്ചു പിടിപ്പിച്ചു. പിച്ചകപ്പൂവിന്റെ സുഗന്ധത്തില്‍ അവന്റെ ലക്ഷ്യം തെറ്റുമെന്നും, വഞ്ചന ഉള്ളില്‍ സൂക്ഷിക്കുന്നവര്‍ക്ക് ആ സുഗന്ധം ഏല്‍ക്കാന്‍ ശക്തിയില്ലെന്നും ഞാന്‍ തിരിച്ചറിഞ്ഞു!

Saturday, December 29, 2007

അവന്‍ വരില്ല


അവനെ പ്രതീക്ഷിച്ച ദിനങ്ങള്‍,
എത്രയോ അകലെയാണ്‌.
അവനിനിയും വന്നില്ല.
അവന്‍ വരുമ്പോള്‍ നല്‍കാനായി,
കാത്തുവച്ചിരുന്ന പൂക്കളെല്ലാം വാടി.
പദങ്ങളെല്ലാം പഴകി.
മനസ്സും നൊന്ത് കീറി,
എന്നെങ്കിലും വരുമ്പോല്‍ ഈ മനസ് മതിയാകുമോ? ക്ളാവുപിടിച്ച എന്റെ,
ഈ മുഖം അവന്‍ ഇഷ്ടപ്പെടുമോ?
എന്റെ ഉടലില്‍ അവനുവേണ്ടി ഒന്നുമില്ലിപ്പോള്‍.
ഊഷരമായ മനസ്സും ശരീരവും മാത്രം!
ഊഷരമായ കാലത്തിന്റെ,
ഈ അടയാളങ്ങള്‍ ഒരു മാലയായി,
അവനു നല്‍കാം പക്ഷെ അവന്‍ വരില്ല,
വന്നില്ലെങ്കിലും ഇനി ഒന്നുമേ ബാക്കിയില്ല.

Friday, December 28, 2007

അകലങ്ങള്‍


എണ്ണിയാലൊടുങ്ങാത്ത കാമനകള്‍,
വന്നെന്റെ മനസ്സിന്റെ അഗാധതയില്‍,
എന്നെ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നു.
പക്ഷേ. കരകാണാകടലിന്റെ അഗാധതപോലെ,
കണ്ണെത്താത്ത ദൂരം ആകാശം നീങ്ങുന്നതു പോലെ,
അകലെ അകലെയായ് ഞാന്‍ നോക്കുന്നു.
അവിടെ ഒരുപൊട്ടുപോലെ,
'ചന്ദ്രന്‍' ഉദിച്ചുയരുന്നു.
ഒരു ശുഭ പ്രതീക്ഷപോലെ,
ഞാന്‍ നോക്കി നില്‍ക്കുന്നു.
അടുക്കുന്തോറും അകലുന്ന അകാശത്ത്,
'ചന്ദ്രനും' എന്നെ നോക്കി നില്‍ക്കുന്നു.
ഞാന്‍ അടുക്കുന്തോറും എന്നെ വിട്ട്,
അകലം പാലിക്കുന്നത് പോലെ.......
അടുക്കാനറിയാത്ത അകാശ മാനസം,
'ചന്ദ്രനെയും' അകലത്തിന്റെ,
സ്വഭാവം പഠിപ്പിച്ചിരിക്കാം.
അടുക്കാതെ അകലാന്‍ കഴിയില്ലല്ലോ?
അകന്നിട്ട് അടുക്കാനും?
എന്നാലും എന്റെ പ്രതീക്ഷകള്‍
'ചന്ദ്രനുചുറ്റും' വട്ടമിട്ടു ദീപം കണ്ട,
ശലഭത്തെ പ്പോലെ പറന്നുകൊണ്ടേയിരിക്കുന്നു!!!

Wednesday, December 26, 2007

തേടുന്നതാരേ?




ജീവിതത്തില്‍ ഞാന്‍ കണ്ടുമുട്ടിയവര്‍ക്കെല്ലാം എന്റെ മുഖഛായ മാത്രമാണുണ്ടായിരുന്നത്. അതെന്താണെന്നല്ലെ? എന്റെ മുഖസൌന്ദര്യത്തിലല്ല, എന്റെ വികാരങ്ങളിലൂടെ അവര്‍ എന്നെ, ഞാനാക്കിയവരായിരുന്നു. അല്ലെങ്കില്‍ എന്റെ മൂക്ക്, കണ്ണ്, ചുണ്ട്, ഇവ ഞാന്‍ അവരില്‍ കണ്ടു. എന്റെ ചിരി അവരില്‍ ഞാന്‍ എന്നും കണ്ടുനിന്നു. പക്ഷെ കാണാത്ത ഒരേയൊരു കാര്യം എന്റെ കരച്ചില്‍ മാത്രമായിരുന്നു താനും. അതിനും എനിക്ക് ഉത്തരം ഉണ്ട് ഏതാണെന്നല്ലെ? "കരച്ചില്‍" ഒരാളുടെ മാത്രം കൈമുതലാണ്, അതിന്റെ അളവ് ഒരാളില്‍ മാത്രം ഒതുങ്ങുന്നു. അളന്നുനോക്കാന്‍ പറ്റിയ തരത്തില്‍ എന്നില്‍ നിന്നും പുറപ്പെട്ടിരുന്നില്ല പക്ഷേ എന്റെ ഉള്ളില്‍ അവ ലാവയായി പതഞ്ഞുപൊങ്ങി ഉള്ളിലേയ്ക്കു തന്നെ ഒഴുകിത്തീര്‍ന്നു. എന്റെ മനസ്സിലും, ശബ്ദത്തിലും, ശ്വാസത്തിലും, സംസാരത്തിലുമെല്ലാം അതിന്റെ ശോകഛായ ഞാന്‍ തീര്‍ത്തെടുത്തു.ബാക്കി നീരുറവയായി ഏകാന്തതയില്‍ എന്നെ വിട്ട് അങ്ങകലെ എന്റെ അജ്ഞാത സ്നേഹിതന്റെ അരികിലേയ്ക്കു എത്തി നിന്നു. അവന്‍ എന്നും കണ്ണീരിന്റെ മാത്രം ഉടമസ്ഥനല്ലായിരുന്നു. അവന്‍, എന്റെ കാതരമായ വികാരത്തിന്റെ ആകെത്തുകയായമോഹഭംഗങ്ങളുടേയും, നടക്കാത്തമോഹാഭിലാഷങ്ങളുടേയും അത്താണി കൂടിയായിരുന്നു. അവനിലേയ്ക്കു അടുക്കാനായി ഞാന്‍ എന്നിലെ നീര്‍ക്കയത്തില്‍ ഒരു പൊങ്ങുതടിയായി എന്നും അവനിലേയ്ക്കു ഉറ്റു നോക്കി നിന്നു. ഇന്നല്ലെങ്കില്‍ നാളെ അവന്‍ വരുമെന്നു ഞാന്‍ തീര്‍ച്ചയാക്കി കാരണം, അവന്റെ ചൂരും, ചൂടും ഏറ്റുവാങ്ങാന്‍ പക്വമായ ഒരു മനസ്സ് എനിക്കല്ലാതെ മറ്റാര്‍ക്കും ഇല്ലായിരുന്നു താനും!ബുദ്ധിജീവികളുടെ കണ്ണുകളും, ബുദ്ധിഹീനന്റെ മനസ്സുമുള്ള അവന്‍ എന്റെ ആരാണ്? കടുപ്പക്കാരനായ, പുറം മോടിയില്‍ ബാലിശമായ വികാരങ്ങളെ ഉറക്കി കിടത്തിയ അവന്‍ എന്റെ മടിയില്‍ കിടക്കുവാന്‍ മാത്രം പ്രായമുള്ള എന്റെ മകന്‍ തന്നെയാണോ?അതോ പ്രായഭേദങ്ങള്‍ക്കതീതമായ, വികാരവിക്ഷുബ്ധങ്ങളില്‍ പെട്ട കാമത്തിന്റെ കാതരഭാവം, പ്രേമത്തിന്റെ മോഹനഭാവം, പ്രണയത്തിന്റെ ലജ്ജിതഭാവം, എല്ലാം മറന്ന അരോഹണാവരോഹണങ്ങളുടെ ഉജ്ജ്വല സീമകള്‍ക്കപ്പുറം മനുഷ്യമനസ്സിന്റെ അടങ്ങാത്ത വികാരങ്ങളുടെ, വിചാരങ്ങളുടെ, മാനസ്സിക ഐക്യത്തിന്റെ, സമഭാവനയുടെ, സമകാലികധീഷണസിദ്ധാന്തങ്ങളിലെ പരസ്പരം അറിഞ്ഞവരുടെ ചിന്തയിലെ സ്നേഹധനമായി എന്നിലേക്കെന്നും എത്തി നോക്കി നിന്നവന്‍....'അവന്‍' തന്നെയല്ലേ? പ്രണയത്തിനുവേണ്ടി ജീവന്‍ നഷ്ടപ്പെടുത്തിയ എന്റെ സ്നേഹിതനെ ഞാന്‍ അവനിലും കാണുന്നു. രാത്രിയിലെ ഏകാന്തതയില്‍ കൈയിലെ തൂലിക നിഷ്ക്കരുണം സ്വന്തം വരികളില്‍ അത്ഥവ്യാഖ്യാനത്തിന്റെ ചില്ലുപടികളില്‍ തലതാഴ്ത്തി നിന്നു തേങ്ങുമ്പോഴും, അകലെ ദ്രഷ്ടികളൂന്നി, മേശപ്പുറത്ത് തലചായിച്ചിരിക്കുന്ന ധീഷണശാലിയായിരുന്ന എന്റെ സ്നേഹിതനെ ഞാന്‍ അവനിലൂടെ കാണുന്നു. അവന്റെ പ്രാഗത്ഭ്യം എന്റെ ഭാഗ്യമോ നിര്‍ഭാഗ്യമോ? വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ കണ്ട ധിക്കാരി, ഇന്ന് എന്റെ സാമിപ്യം കൊതിക്കുന്ന ഒരു ശിശുവിനെപ്പോലെ നില്‍ക്കുമ്പോള്‍ എന്നിലെ മാത്‌ര്‍ത്വം അവനെ എന്റെ മനസ്സിന്റെ മാന്ത്രികവിദ്യയില്‍, എന്റെ കൈയ്യിലെ ശിശുവാക്കി മാറ്റാന്‍ ശ്രമിക്കുന്നു! പട്ടു മെത്ത വിരിച്ച എന്റെ കിടക്ക മുറിയിലെ പരവതാനിക്കരികിലെ തൊട്ടിലില്‍ അവനു വേണ്ടി ഞാനൊരുക്കിയ കിടക്കയില്‍ അവനെ മാറോടണച്ചു കിടത്താന്‍ ഞാന്‍ അല്‍പനേരമെങ്കിലും കൊതിച്ചു പോയെങ്കില്‍ അതിലും തെറ്റു കാണാന്‍ ആര്‍ക്കും കഴിയില്ല രാത്രിയുടെ ഏകാന്തയാമത്തില്‍ ശിശുവായ എന്റെ മാനസപുത്രനെ ഉറക്കം വരാത്ത സമയങ്ങളില്‍ അടുക്കല്‍ കിടത്തി മുലയൂട്ടിയുറക്കുന്നത് സ്വപ്നത്തിലും, യാഥാര്‍ത്ഥ്യത്തിലും ഞാന്‍ അനുഭവിക്കുന്നു. പ്രിയപ്പെട്ട സ്നേഹിതാ, നിനക്ക് നല്‍കാന്‍ കഴിയാതിരുന്ന സ്നേഹം ഞാനിന്ന് അവന്‌ നല്‍കുന്നു!എന്നിലെ സുരക്ഷിതത്വം കാംക്ഷിച്ചു എന്റെ മാറില്‍ തല ചേര്‍ത്തുറങ്ങുന്ന എന്റെ മാത്രമായ അവനെ ഞാന്‍ അല്‍പ്പനേരമെങ്കിലും നോക്കി കിടക്കട്ടെ! നാളെ നേരം പുലരും വരെ എന്റേതുമാത്രമായി അവന്‍ സുഖമായി ഭയമില്ലാതെ ഉറങ്ങട്ടെ!

Monday, December 24, 2007

അകലങ്ങളില്‍




കഥ കവിതയായി, കൊണ്ടിരിക്കുമ്പോള്‍ കവിത,
കഥയായി കൊണ്ടിരിക്കുന്നു.
ഞാനെന്ന കഥ മരുപ്പച്ച തേടി അലയുന്നു.
അകലെ,എത്താത്ത ദൂരങ്ങളില്‍,
ആ മരുപ്പച്ച തേടി അലയുന്ന എന്റെ ജന്മം,
ആ മരുഭൂമിയെമാത്രം തിരിച്ചറിയുന്നു!
പച്ചപ്പുല്‍നാമ്പ് കാണാത്ത മരുഭൂമിയില്‍,
നീര്‍ത്തടാകം സ്രഷ്ടിച്ച മനുഷ്യന്റെ,
തീരാത്ത മോഹങ്ങളെയും ഞാന്‍ വെറുതെ ഓര്‍ക്കുന്നു.
നീറുന്ന നോവിലും, തീരാത്ത ആഗ്രഹങ്ങളിലും,
കാമനകള്‍ മെനഞ്ഞെടുക്കാന്‍ കഴിയുന്ന,
മനസ്സ് മനുഷ്യന്റേതു മാത്രമല്ലെ?
ശക്തിയുടെ പര്യായമായും, പ്രതീക്ഷയുടെ,
നിറ കുടമായും വ്യാമോഹങ്ങളുടെ,
വരദാനങ്ങളായി അവര്‍,
അലഞ്ഞുകൊണ്ടേയിരിക്കുന്നു..... ഒപ്പം ഞാനും!!

Sunday, December 23, 2007

സമര്‍പ്പണം


എന്റെ സ്നേഹത്തെ, അള്ളാഹുവിനും,
പ്രേമത്തെ യേശുദേവനും ഞാന്‍
കാഴ്ച്ചവയ്ക്കാം, ഇവിടെ ഈ നിമിഷം!!!
പിന്നെ പ്രണയത്തിന്റെ പരിവേഷം
എന്നില്‍ ഉണ്ടാകുകയില്ലല്ലോ?
സീതയായ് രാമനെ നോക്കിനില്‍ക്കാം!
പിന്നെ ഒരു വേണുവുമായ്,
കണ്ണന്‌ മുമ്പില്‍ എത്തേണ്ടതില്ലല്ലോ?
മോഹങ്ങള്‍ എല്ലാം ഞാന്‍,
ഹോമകുണ്ഡത്തില്‍ നിക്ഷേപിക്കാം,
പിന്നെ സന്യാസിമാരെ ഞാന്‍,
നിരാശപ്പെടുത്തേണ്ടതില്ലല്ലോ?
ഞാനെന്റെ സ്ത്രീത്വത്തെ,
ആര്‍ക്കാണ്‌ ബലിആര്‍പ്പിക്കേണ്ടത്???
എന്നെ അറിയാന്‍ ശ്രമിക്കുന്ന,
പുരുഷനെയോ???
എന്നെ,പരിഹസിക്കുന്ന
സുഹ്റത്തിനെയോ?
എന്നെ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന,
കൂട്ടുകാരെയോ?
എന്നെ സ്നേഹിക്കുന്ന,
പ്രിയനെയോ?
എന്റെ മടിയില്‍ തല ചായ്ക്കാന്‍,
ആഗ്രഹിക്കുന്ന യുവത്വത്തിനെയോ?
എന്നെ വേദനിപ്പിക്കുന്ന കാമുകനെയോ?
പുരികം ചുളിക്കുന്ന സമൂഹമനസ്സിനെയോ????

Saturday, December 22, 2007

അവള്‍


അവള്‍ ഏങ്ങലടിച്ചു കരയുന്നുണ്ടായിരുന്നു..........
പക്ഷെ, കണ്ണുനീര്‍ പുറത്തുകാട്ടാന്‍
അപ്പോഴും അവള്‍ തയ്യാറാവുന്നില്ലായിരുന്നു.
കമിഴ്ന്നു കിടന്നു കരയുന്ന അവളുടെ അരികില്‍,
അവളെ ചേര്‍ന്നിരുന്നപ്പോള്‍...
അവളുടെ മെയ് തലോടിയപ്പോള്‍....
അവളുടെ സ്നേഹത്തിന്റെ ചൂട്!
പ്രണയത്തിന്റെ കുളിര്!
വിരഹത്തിന്റെ തണുപ്പ്!
എല്ലാം എന്റെ കൈകള്‍ മനസ്സിലാക്കി തന്നു.
എന്താണ്‌ നീ ഇങ്ങനെ?
സമാധാനിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍,
അവള്‍ മുഖം തിരിച്ച് എന്നെ നോക്കി......
ആ കണ്ണുകളില്‍......
അറിയാത്ത കാമുകന്റെ,
അകലങ്ങളിലെ സ്നേഹത്തിന്റെ
കാണാത്ത പ്രണയത്തിന്റെ,
വാക്കുകളിലെ പ്രേമത്തിന്റെ,
വികാര തീവ്രത നിറഞ്ഞുനിന്നിരുന്നു.
ആരെയാണ്‌ നീ പ്രേമിച്ചത്?
ഞാന്‍ വീണ്ടും അവളുടെ കണ്ണുകളില്‍ നോക്കി.....
ശബ്ദ്ത്തെ, അവള്‍ മൊഴിഞ്ഞു,
സ്നേഹത്തെ, ചിത്രത്തെ
ഞാന്‍ വീണ്ടും നോക്കി പെണ്‍കുട്ടീ.......
നീ വിശ്വസിച്ചു......, ലോകം നിന്നെ വഞ്ചിച്ചു......
ഞാനൊന്നു നെടുവീര്‍പ്പിട്ടു,
നിന്റെ സ്നേഹം, വിശ്വാസം,
പ്രണയം, കാമം, മോഹം
എല്ലാം നീ ആ ചിത്രത്തിനു നല്‍കൂ....
അത് യുവത്വത്തിന്റെ പ്രതീകമാണ്‌
അവന്‍ സുന്ദരനാണ്‌, കാമുകനാണ്,
അവന്‍ യുവാവുമാണ്‌. പക്ഷെ,
അത് പ്രതിരൂപം മാത്രം.
ജീവനുള്ളവരെക്കാള്‍ എത്രയോ ആത്മാര്‍ത്ഥത
പ്രതിരൂപങ്ങള്‍ കാണിക്കുന്നു.
അവ അപ്രത്യക്ഷമാകുന്നില്ലല്ലോ?
നിനക്ക് അവയെ തലോടാം, പ്രേമിക്കാം,
ചുംബിക്കാം, പരിഭവിക്കാം. മതി!!!
അത്ര മാത്രം നിന്റെ പ്രണയം
ഇനി ആരോടും വേണ്ട ഒരിക്കലും.....
അവളെ മാറോടണയ്ക്കുമ്പോള്‍ ഞാന്‍
എന്നെ നോക്കി ഈ ഉപദേശം ആരോടാണ്‌?
എന്നോട് തന്നെയല്ലേ??