Wednesday, January 9, 2008

യോദ്ധാവ്



ആ കണ്ണുകള്‍ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി.
നിറഞ്ഞൊഴുകുന്നതായിരുന്നോ?
അല്ല!
നീര്‍ പൊടിയുന്നതായിരുന്നോ?
അല്ല!
അടഞ്ഞുപോകുന്നതായിരുന്നു!
നന്ദിയുടെ....
സ്നേഹത്തിന്റെ.....
വിടപറച്ചിലിന്റെ.......
അവന്‍, തല തിരിച്ച് നോക്കുന്നുണ്ടായിരുന്നു.
നാലുപാടും!
ആരെ?
നിശ്ചയമില്ല, ആരെയും നോക്കാനില്ല എന്നെനിക്കറിയാം,
എങ്കിലും ഒരു യുദ്ധത്തിന് തയ്യാറുള്ളതുപോലെ,
ചെറുപ്പം പോലെ,
ഏതു നേരവും സം‌രക്ഷണത്തിനു തയ്യാറാകുന്നതുപോലെ....
എന്നെ വീണ്ടും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
ചെവി കൂര്‍പ്പിച്ച്,
വാലാട്ടി, കൂടെക്കൂടെ മുരണ്ടുകൊണ്ടിരുന്നു.....
ഞാന്‍ അകലെനിന്നാണെങ്കിലും അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അവനെന്റെ അംഗരക്ഷകനായിരുന്നു.
ആയിരിക്കണം എന്നും ഞാനാഗ്രഹിക്കുന്നു.
പക്ഷെ അവന്‍ പ്രായാധിക്യം കാണിച്ചു തുടങ്ങിയിരിക്കുന്നു.
യുവത്വം അവനോടു വിട പറഞ്ഞു തുടങ്ങിയിരിക്കുന്നു
ഇനിയും തീര്‍ന്നിട്ടില്ലാത്ത ശൌര്യത്താല്‍,
എന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതു പോലെ
എന്റെ പ്രീയപ്പെട്ട “ടൈഗര്‍“‍
നീ എനിക്കെന്നും പ്രീയപ്പെട്ട യോദ്ധാവാണ്,
നിന്റെ മരണം എന്റെ ഭീരുത്വത്തിന്റെ മരണം കൂടിയായിരിക്കും!!

Monday, January 7, 2008

മരം


ഞാനൊരു മരം! ചലിക്കാന്‍ ആവതില്ലാത്ത,
സഹിക്കാനാവതുള്ള മരം!
വന്‍ മരമോ? അറിയില്ല! ചെറു മരമോ? അതുമറിയില്ല!
എന്റെ കണ്ണുകളില്‍ ഞാന്‍ ആകാശം മാത്രം കാണുന്നു
നാലു പുറവും ആകാശം, പിന്നെ താഴെയും മുകളിലും.
സമയം കിട്ടുമ്പോള്‍ ഞാനെന്റെ
സ്വന്തം ശരീരത്തെ നോക്കുന്നു.
ഞാന്‍ നഗ്നയാണ്!
ഗോപ്യമായി വയ്ക്കാന്‍ എനിക്കൊന്നുമില്ല.
എങ്കിലും എന്റെ അരയ്ക്കുമുകളില്‍,
ഞാന്‍ ശിഖരങ്ങളെ കൊണ്ട് നിറച്ചു.
അരയ്ക്കു താഴെ ശൂന്യത മാത്രം!
അവിടെ നിര്‍വ്വികാരത!
ഇലകളെ കൊണ്ട് മറക്കാന്‍ എനിക്ക്,
അരയ്ക്കു താഴെ ശിഖരങ്ങളില്ല!
അതുകൊണ്ടു തന്നെ ഇലകളുമില്ല!
കാപാലികന്‍മാര്‍ എന്നും,
എന്റെ മേനിയെ നഗ്നമാക്കി ശിഖരങ്ങള്‍ വെട്ടി.
അവര്‍ എന്റെ നഗ്നതയില്‍ ആഹ്ളാദിച്ചു.
നഗ്നതമറയ്ക്കാന്‍ ഞനെന്റെ കൈകള്‍ താഴ്ത്തി.
അവര്‍ അപ്പോള്‍ ഒടിഞ്ഞ ശിഖരങ്ങളായി കണ്ട്,
എന്റെ കൈകളെ വെട്ടി മാറ്റി!
എന്റെ മനസ്സില്‍ ഒലിച്ചിറങ്ങിയ,
കണ്ണുനീര്‍ കൊണ്ട് ഞാനെന്റെ,
പുറം തൊലിക്ക് കടുപ്പമേകി.
പ്രക്റതി എനിക്ക് 'തൊലിക്കട്ടി' ഉണ്ടാക്കി.
തലയുയര്‍ത്തി നില്‍ക്കാന്‍ കഴിവ് നല്‍കി.
ഞാനെന്നില്‍ സംഭവിക്കുന്നത് ഇപ്പോള്‍ ശ്രദ്ധിക്കുന്നില്ല.
എന്റെ ശിഖരങ്ങളില്‍ പൂത്ത് കായ്ച്ചു,
മനോഹരനിറം പകര്‍ന്നു നില്‍ക്കുന്ന,
പൂക്കളും, കായ്കളും, എന്റെ നിസ്സഹായ
അവസ്ഥയിലും എന്നില്‍ പ്രതീക്ഷയുണര്‍ത്തുന്നു.
ആളുകള്‍ എന്റെ മുഖത്ത് നോക്കുന്നു!
കണ്ണുകള്‍ മുകളിലേയ്ക്കു തന്നെ,
നോക്കി നിശ്ചേഷ്ടരായി നില്‍ക്കുന്നു!
അനങ്ങാതെ, അനങ്ങാന്‍ കഴിയാതെ,
കണ്ണുകള്‍ അനക്കാതെ.......

Saturday, January 5, 2008

Krishna


മറക്കാന്‍ ശ്രമിക്കും തോറും ഓര്‍മ്മയില്‍ ഓടിയെത്തുന്ന ഒരു മധുര വികാരമായി അവന്‍ മാറി. എന്താണ്‌ നിനക്ക് എന്റെ മേല്‍ ഇത്രയും സ്വാധീനം?ആലോചിക്കുന്തോറും അര്‍ത്ഥമില്ലാത്ത തോന്നലുകളായ്, അവ ആലോചിക്കാതിരുന്നാല്‍ ചിന്തയെ മഥിക്കുന്ന ഓര്‍മ്മയായ്........... എന്താണിങ്ങനെ? ആരാണവന്‍?
അവന്‍ Krishna, യെന്ന Krishnajith ഇന്നലെ കണ്ടവന്‍ മാത്രമല്ല എനിക്ക്, ഇന്നലെത്തെ സ്നേഹിതരില്‍ നിന്നും വഴിതെറ്റിവന്നവനുമല്ല. പതിവു പോലെ വന്ന അനേകം കത്തുകളില്‍ നിന്നും, വേറിട്ടു നില്‍ക്കുന്ന ഈ എഴുത്ത്, ഈ വരികള്‍, അതെന്റെ മനസ്സിലോട്ടു തന്നെ കടന്നു വരുന്നു. ഇതാരാണ്? എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല ദിവസവും ഞാന്‍ പല തവണ വായിച്ചു Mail തുറക്കുമ്പോഴെല്ലാം അവന്റെ സുന്ദരമായ മുഖം എന്നെ നോക്കി ചിരിച്ചു
ദിവസവും Delete ചെയ്യുന്നവ സാധാരണം, പക്ഷെ ഇത് എന്തോ? എന്റെ മനസ്സില്‍ ഉടക്കി നിന്നു? മനസ്സില്‍ തൊട്ടുണര്‍ത്തുന്ന വരികള്‍.............എവിടെയോ കേട്ടുമറന്ന ആത്മാര്‍ത്ഥത "കൂട്ടത്തില്‍ തനിയെ" നില്‍ക്കുന്ന ഇവനാരാണ്?
എന്നെ തിരിച്ചറിയാന്‍ കഴിയുന്ന ഇവന്‍, എന്റെ മനസ്സറിഞ്ഞ ഇവന്‍ ആരാണ്? ഔപചാരികമായി മറുപടി എഴുതുമ്പോള്‍, എന്റെ കൈകള്‍ പതിവില്ലാതെ വിറച്ചു. Type ചെയ്യുമ്പോള്‍ ഞാന്‍ അറിയാതെ വരികളില്‍ എന്റെ മനസ്സ് കയറി വന്നു. ഞാന്‍ കുറിച്ചു എന്റെ ആത്മാര്‍ത്ഥത.... സ്നേഹം.... പക്ഷെ നീ?
എന്താണ്‌ പ്രതീക്ഷിച്ചത്? പ്രതീക്ഷിക്കുന്നത്? ഇന്നും, എന്റെ വേദനകളില്‍ എന്നെ സാന്ത്വനിപ്പിക്കുന്ന, സന്തോഷങ്ങളില്‍ പങ്കുചേരുന്ന, എന്റെ നോവില്‍ കരയുന്ന, എന്നോടൊപ്പം പൊട്ടിച്ചിരിക്കുന്ന സ്നേഹിതാ....... നീ ആരാണ്?
ഒരു സ്നേഹ ബന്ധം ഇവിടെ തുടങ്ങുന്നു പക്ഷെ? പൊട്ടിച്ചിരിക്കാനും, കൂടെ ദുഃഖിക്കാനും കഴിയുന്ന നീ...... എനിക്കിന്നും..... അറിയാത്ത സ്നേഹിതനാണ്! ഉറക്കം വരാത്ത രാത്രികളില്‍..... ദുഃഖിപ്പിക്കുന്ന ചിന്തകളില്‍...... മനസ്സു തുറക്കാന്‍ പറ്റുന്ന എന്റെ പ്രിയപ്പെട്ടവനെ, നീ എനിക്കാരാണെന്ന് ഞാനിപ്പോഴും അറിയുന്നില്ല!
ചിലപ്പോള്‍, അര്‍ത്ഥവ്യാപ്തികളില്ലാത്ത സ്നേഹത്തിനുമപ്പുറത്ത്, സ്നേഹത്തിന്റെ പറുദീസയില്‍ നീ അലയുന്നുണ്ടാകണം! ഒരു സ്നേഹിതയെത്തേടി....? അല്ലെങ്കില്‍ കാമുകി നഷ്ട്പ്പെട്ട തീരാദുഃഖത്തില്‍ നീ ദുഃഖിക്കുന്നുണ്ടാകണം! കാമുകിയെത്തേടി........! നശ്വരമായ ഈ ലോകത്ത് സ്നേഹം മാത്രമാണ്‌ സത്യമെന്ന് നീ അറിഞ്ഞിട്ടുണ്ടാകണം......
അല്ലെങ്കിലോ? ഞാനെനോടു തന്നെ ചോദിച്ചു...... നീ എന്നെ കഴിഞ്ഞ ജന്മത്തിലേ........... അറിഞ്ഞിട്ടുണ്ടാകണം!!!

Friday, January 4, 2008

ഞാന്‍ അന്ന


മനസ്സില്‍ ലാഘവത്തോടെ പൂമഴപെയ്തു നില്‍ക്കുമ്പോഴും ഉള്ളില്‍ വികാരങ്ങള്‍ നെടുവീര്‍പ്പുയര്‍ത്തുകയായിരുന്നു. കാരണം അറിയാതെ ഹ്റദയ ബന്ധങ്ങളുടെ വിചാരങ്ങളെ ഞാന്‍ തുടച്ചു നീക്കാന്‍ ശ്രമിച്ചത് എന്നിലെ നിര്‍വ്വികാരതകളുടെ അകത്തളത്തില്‍ വച്ചല്ല.
ഏതാനുമകലെ പൂഴിമണലില്‍ ഞാന്‍ വരച്ചിട്ട, കാണാത്ത സ്വപ്ന നിധിയുടെ കൂമ്പാരം, ഒളിപ്പിച്ചുവച്ച സ്ഥാനം നിര്‍ണ്ണയിക്കാന്‍, ഞാന്‍
പണ്ടേയ്ക്കു പണ്ടേ കുഴിച്ചിട്ട കുഴിയുടെ പുനര്‍ നിര്‍ണ്ണയത്തിനായി, മണലില്‍ ഞാന്‍ വരച്ച രേഖകള്‍ ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു...... അവയെ തേടിയായിരുന്നു! അവിടെ വച്ചായിരുന്നു!
ഇങ്ങനെ സംഭവിക്കുമെന്ന് എനിക്ക് അന്നേ അറിയാമായിരുന്നില്ലേ? എന്നുള്ളില്‍ ഇരുന്നാരോ എന്നോട് പരിഹാസ പുരസ്സരം ചോദ്യങ്ങളുതിര്‍ക്കുമ്പോഴും, എന്നിലെ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും ഞാന്‍ ഉത്തരം തേടി പോകുവാന്‍ എന്റെ, സ്വയം കുഴിച്ച കുഴികളെ തപ്പിനടക്കുന്നത് ഇന്ന് ശീലമായി തീര്‍ന്നിരിക്കുന്നു.
ഭര്‍ത്താവിന്റെ അടുക്കല്‍ തണുത്തു വിറച്ചു കിടക്കേണ്ടിവരുമ്പോഴുണ്ടാകുന്ന നിര്‍വ്വികാരത, എനിക്കു തോന്നാതിരിക്കാന്‍, ഞാന്‍ കമ്പിളിപ്പുതപ്പിനുള്ളില്‍ എന്റെ ശരീരം പുതയ്ക്കാന്‍ ശ്രമിക്കുന്നു. ചൂടു പറ്റി ഉറങ്ങുന്ന പൂച്ചക്കു തുല്യം, ഞാന്‍ അദ്ദേഹത്തിന്റെ അരികില്‍ ചേര്‍ന്നുറങ്ങുന്നു..... ഉണരുന്നു....... എന്നെ തണുപ്പില്‍ നിന്നും, ചൂടില്‍ നിന്നും, ഭയത്തില്‍ നിന്നും രക്ഷിക്കാനുള്ള കഴിവു അദ്ദേഹത്തിനു മാത്രമേയുള്ളു എന്നും ഞാന്‍ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. പുതിയ ഏത് വികാരങ്ങളും എനിക്ക് അപ്രാപ്യമാണ്‌. കാരണം ഞാന്‍ അറിഞ്ഞതും അറിയാന്‍ ശ്രമിച്ചതും, തീരാവ്യഥകളായി എന്നെ അലട്ടാന്‍ ശ്രമിക്കുമ്പോള്‍
ഞാന്‍ തമസ്സിന്റെ പിടിവിടുവിച്ച്, പ്രകാശത്തിലോട്ട് കയറുന്നത് അദ്ദേഹത്തിന്റെ കൈപിടിച്ചു തന്നെയാണ്. ഹ്റദയ ബന്ധങ്ങളെന്നും നമ്മുടെ വിജയവും പരാജയവും ആയിരിക്കും, എങ്കിലും താല്ക്കാലിക സുഖം നല്‍കി തിരിച്ചുപോകാത്ത ബന്ധങ്ങള്‍ പവിത്രങ്ങളായി എന്നുമെന്റെ മനസ്സില്‍ എന്നെ നോക്കി ചിരിക്കുന്നു.എന്നും എപ്പോഴും കണ്ണിറുക്കി തിരിച്ചുപോവുകയും ചെയ്യുന്നു! രാത്രിയിലെ ഏകാന്തതയില്‍ കുഞ്ഞിന്റെ നിഷ്ക്കളങ്കതയോടെ ഉറങ്ങാന്‍ കഴിവുള്ള ഏക വ്യക്തിയും എന്റെ ഭര്‍ത്താവു മാത്രമാണ്. കാരണം അദ്ദേഹത്തിന്റെ മനസ്സില്‍ എന്നോട് കാലുഷ്യമില്ല, പകയില്ല, പ്രതികാരമില്ല, സ്നേഹം മാത്രം! ഹ്റദയം നിറഞ്ഞ സ്നേഹം! വര്‍ഷങ്ങള്‍ക്കു മുമ്പ് കൈപിടിച്ചു കൊണ്ടു വന്ന കൌമാരക്കാരിയുടെ രൂപം ഇന്നും അതേപോലെ...... കുപ്പിവള കിലുക്കം പോലെ..... പൊട്ടിച്ചിരിയായി..... മനസ്സിനു പ്രകാശമായി നില്‍ക്കുന്നു! എന്നെ അറിയുന്ന മനസ്സ്, എന്നെ സ്നേഹിക്കുന്ന ഹ്റദയം, എന്നെ സാന്ത്വനിപ്പിക്കുന്ന വാക്ക് ഇവ എനിക്കെന്നും അനുഭൂതിയാകുന്നു. ശാന്തസ്വരൂപനായ അദ്ദേഹത്തിന്റെ നന്മയുടെ മുന്നില്‍ ഞാന്‍ എന്നും ആശ്വാസമറിയുന്നു........

Thursday, January 3, 2008

ഇത് ദേവി


ജീവിത വസന്തത്തില്‍ കാറ്റും കോളും നിറഞ്ഞ അന്തരീക്ഷത്തില്‍ ജീവിക്കേണ്ടിവന്ന, ശരീരം കൊണ്ടല്ലെങ്കിലും മനസ്സ് കൊണ്ട് തെറ്റ് ചിന്തിക്കേണ്ടിവന്ന, നിസ്സംഗത, നിര്‍വ്വികാരത, പലപ്പോഴും എന്നെ ദുഖിപ്പിച്ചിട്ടുണ്ട്.
കുഞ്ഞിലേ കേട്ടുപടിച്ച സന്ധ്യാനാമജപത്തിന്റെ മഹനീയതത്വം മനസ്സില്‍ ഉള്‍ക്കൊണ്ടിരിക്കുമ്പോഴും, പുലരിയുടെ മാസ്മരലോകത്തില്‍ പൂമ്പാറ്റയെപ്പോലെ പാറിക്കളിക്കാന്‍ കൊതിച്ചപ്പോഴും എതോ അജ്ഞാതമായ വിലങ്ങുകള്‍ കൈകളെയും കാലിനെയും ബന്ധിപ്പിച്ചിരിക്കുന്നതായി അന്നും എനിക്ക് തോന്നിയിരുന്നു.
കര്‍ക്കശ സ്വഭാവക്കാരായ മാതാപിതാക്കള്‍ക്കു മുന്നില്‍, രാമനെനോക്കി നാമം ജപിച്ചപ്പോഴും, എന്റെ ഉള്ളം ബാലചാപല്യമായി രാമന്റെ അടുത്തിരുന്ന സീതയെ തന്നെ നോക്കിയിരുന്നു. ചുണ്ടില്‍ നാമജപം യാന്ത്രികമായി നടക്കുമ്പോഴും, മനസ്സില്‍ സീതയുടെ സ്ഥാനത്ത്, ഞാനെന്റെ രൂപം സങ്കല്‍പിച്ചെടുത്തു.
സൌന്ദ്യര്യത്തിന്റെ അളവുകോല്‍ എനിക്കന്ന് സീതാദേവിയായിരുന്നു. കാരണം സീതാദേവി ശ്രീരാമന്റെ പത്നിയായതുകൊണ്ട് തന്നെ! മനസ്സില്‍ ഞാന്‍ സീതയായി രാമനോട് ചേര്‍ന്നിരുന്നു. ഏകപത്നിവ്രതനായ രാമനെ, പിന്നിട് ബാല്യകാലം കഴിഞ്ഞ് അറിവുനേടിയപ്പോള്‍ കൌമാരത്തിന്റെ ചിന്തകളില്‍ ഈശ്വരനായിമാത്രം കണ്ടു! കാരണം "സീതയെന്ന മഹാപുണ്യം എന്റെ ഉള്ളില്‍അന്ന്സ്ഥിരപ്രതിഷ്ഠനേടിയിരുന്നു.
കൌമാരകാലത്ത് ഞാന്‍ യൌവ്വനം സ്വപ്നം കണ്ടു. യൌവ്വനം, എത്ര മനോഹരം! യുവത്വത്തിന്റെ ആകാര സൌഷ്ഠവത്തില്‍ ഞാനെന്നെയെന്നും, ഏറുകണ്ണിട്ട് കണ്ണാടിയില്‍ നോക്കി. സ്വയം ഞാനെന്റെ അമ്മയോട് ചോദിച്ചു അമ്മേ, ഞാനെന്നാണ്‌ സാരിയുടുക്കുക? ചോദ്യത്തിന്റെ നിഷ്കാപട്യം മനസ്സിലാക്കിയ അമ്മ എന്നെ ഉപദേശങ്ങളാല്‍ പാകപ്പെടുത്തി.
ഭഗവാന്‍ നാരായണന്‍ എന്റെ സ്വപ്നത്തില്‍ കടന്നു വന്നു, ആശിച്ചതെന്തും നല്‍കുന്ന ഭഗവാന്‍ ഞാനറിയാതെ എന്റെ മാനസ്സ ചോരനായ കണ്ണനായി നിന്നു. ഊണിലും ഉറക്കത്തിലും ഞാന്‍ കണ്ണന്റെ രൂപം കണ്ടുനിന്നു. യൌവ്വനത്തില്‍ ഞാന്‍ സന്തോഷിക്കാതെ എന്റെ മനോരഥത്തില്‍ യാത്ര തുടര്‍ന്നു. പഠനവും പദവിയും എന്റെസ്വപ്നങ്ങളില്‍കടന്നുവന്നില്ല്.
കോളേജുക്യാമ്പസ്സിലെ രോമാഞ്ചമായി മെടഞ്ഞിട്ട മുടിയില്‍ കനകാമ്പരപ്പൂക്കള്‍ ചൂടി ഞാന്‍ കണ്ണിന്‌ കുളിരായി..............
ഞാനെന്റെ യൌവനത്തിന്‌ നന്ദി പറഞ്ഞു. വിടര്‍ന്ന കണ്ണുകളില്‍ ഞാന്‍ പ്രപഞ്ചത്തെ അവാഹിച്ചെടുത്തു. പ്രണയത്തിന്റെ അര്‍ത്ഥം കണ്ടുപിടിക്കാന്‍ കൂട്ടുകാരെന്റെ കണ്ണുകളെ നോക്കിനിന്നു.
ഒരു ദിവസം, ഒരു മംഗളമുഹുര്‍ത്തത്തില്‍ ഞാന്‍ വിവാഹിതയായപ്പോള്‍ എന്നിലെ ബാല്യ, കൌമാര, യൌവ്വന കാലത്തെ ദീപ്തവും സുരഭിലവുമായ സ്വപ്നങ്ങളെ മറന്ന് കാണുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവോ? എങ്കില്‍ തെറ്റി! പാതിമയക്കത്തില്‍ എന്റെ മെയ്ചേര്‍ന്നു കിടന്ന യുവാവിന്റെ മുഖത്തുനോക്കി ഞാന്‍ എണീറ്റിരുന്നു. സുഖമായുറങ്ങുന്ന ആ യുവാവ്, എന്റെ ആരാണ്‌? ഭര്‍ത്താവോ? കാമുകനോ? സ്നേഹിതനോ? രക്ഷകനോ? എന്നില്‍ പിറവിയെടുക്കുവാന്‍ കത്തിരിക്കുന്ന എന്റെ കുഞ്ഞുങ്ങളുടെ അച്ഛനോ??? അല്പ്പനേരം നോക്കിയിരുന്നു...............
ഞാന്‍ വീണ്ടും എനിക്ക് അനുവദിച്ച് തന്നിട്ടുള്ള എന്റെ അവകാശമായ നേര്‍ പകുതി കിടക്കയില്‍ യുവാവിനെ ഉണര്‍ത്താതെ, കിടന്നു................... ഉറക്കത്തിനായി കാത്തു!!!!!

Wednesday, January 2, 2008

എന്റെ ആമിനയ്ക്കു


പാതിരാത്രിയില്‍, പാതിമയക്കത്തില്‍ ഞാന്‍ കേട്ട പാട്ട്, എന്റെ തന്നെയായിരുന്നുവോ എന്നെനിക്ക് നിശ്ചയമില്ലായിരുന്നു. എവിടെയും കട്ടപിടിച്ച ഇരുട്ട്, അരും ഉണര്‍ന്നിരിക്കാന്‍ ഇടയില്ലാത്ത ഇടത്ത് പിന്നെ പാട്ടോ? ഞാന്‍ കണ്ണുതുറന്നു കിടന്നു.
എന്റെ ഉള്ളില്‍ പഞ്ചവാദ്യം കേള്‍ക്കാം, എന്നാല്‍ പാട്ടും എന്റേതുതന്നെയാവും തീര്‍ച്ച. കട്ടിലില്‍ ഉണര്‍ന്നു കിടക്കുന്നതിനേക്കാളും ഉചിതം, എഴുന്നേറ്റിരിക്കുന്നതല്ലേ?
കിടന്നാലും, ഇരുന്നാലും സ്വപ്നം കാണാം. പക്ഷെ കിടന്നാല്‍ അടുത്തു കിടക്കുന്നയാള്‍ തീര്‍ച്ചയായും കരുതും ഞാന്‍ ഉറങ്ങുകയാണെന്ന്! എന്നും എന്നെ പറ്റി പരാതിയുള്ള ഒരേഒരാള്‍ എന്റെ ഭര്‍ത്താവു തന്നെയാണ്‌. കാരണം നിങ്ങള്‍ക്കറിയില്ല ഞാന്‍ പറയാം,
കല്യാണരാവില്‍ കോഴിക്കറിയും പത്തിരിയും കഴിച്ചു ഞാന്‍ ഉറങ്ങിപ്പോയി പിന്നെ ത്തുടര്‍ന്നുള്ള എല്ലാ രാവുകളിലും ഞാന്‍ വയറു നിറഞ്ഞാല്‍ ഉറങ്ങും പുതുമണവാളന്റെ പൂതി തീരാത്ത പുതിയാപ്ള ഞൊറിവച്ച കസവുതട്ടത്തില്‍, വിരലോടിച്ചെന്നെ ഉണര്‍ത്തും.
ഉറക്കച്ചടവുള്ള രാത്രികള്‍ അങ്ങനെ എനിക്ക് സമ്മാനിച്ച എന്റെ പുന്നാര മക്കള്‍ അപ്പുറത്ത് സസുഖം ഉറങ്ങുന്നു. പുതിയാപ്ള ഇന്ന് പഴയാപ്ളയായി. അതു കാരണം എനിക്ക് ഉറക്കത്തിനു തടസ്സമില്ല എന്നാലും രാത്രിയുടെ ഏകാന്തയാമങ്ങളില്‍ കൊതുകെന്ന അസുരജീവി കടിക്കുമ്പോള്‍ ഇപ്പോഴും എന്റെ അടുക്കല്‍ പുതിയാപ്ളയായി അദ്ദേഹം മാറുന്നുണ്ടോ എന്നെനിക്കൊരു സംശയം.
നാളെ രാവിലെ തന്നെ എഴുന്നേല്‍ക്കണ്ടതാണ്‌ പുന്നാര മക്കളുടെ നൂറുകൂട്ടം പരാതികള്‍ പിന്നെ വേറെയും. ഒരു ഗുളിക അകത്താക്കിയാല്‍ സുഖമായി ഉറങ്ങാം. എന്നും ഇതാവര്‍ത്തിക്കുന്നതില്‍ മൂപ്പര്‍ക്കു വിരോധം.
പഴയ വാരികകള്‍ വല്ലതും ഉണ്ടങ്കില്‍ ഒന്നു വായിക്കാന്‍ മോഹം തോന്നി പണ്ടേ ഉള്ള ശീലമായതിനാല്‍ അക്ഷരം കാണുമ്പോള്‍ ഉറക്കം തീര്‍ച്ചയാണ്! ഇരുട്ടില്‍ പരതിയാല്‍ രക്ഷയില്ല. ഏതായാലും ശ്രമിക്കാം അടുത്ത മുറിയിലെ മങ്ങിയ വെളിച്ചത്തില്‍ കൊതുകുവലയ്ക്കകത്തു സുഖമായി ഉറങ്ങ്ന്ന മക്കള്‍. അതിനപ്പുറം നിശബ്ദതയെ തോല്‍പ്പിക്കുന്ന ഫ്രിഡ്ജ്. എതായാലും ഇവിടം വരെ വന്നതല്ലെ രാത്രിയില്‍ ഒരു കപ്പ് തണുത്ത വെള്ളം നല്ലതുതന്നെ,
വെള്ളം മനസ്സിനെ തണുപ്പിച്ചു തുടങ്ങിയിരുന്നു!

Tuesday, January 1, 2008

ഉള്‍വഴിയേ


വീണ്ടും പെരുമ്പറയടിക്കുന്നു,
ശംഖുനാദം മുഴങ്ങുന്നു.
മസ്സിനകത്തെ മണിതത്ത ചിറകടിക്കുന്നു.
ഏതിനാണെന്നറിയില്ല, എന്തിനാണെന്നും അറിയില്ല,
ഞാന്‍ വീണ്ടും എന്റെ അന്തരാത്മാവിനുള്ളിലേയ്ക്കു,
ഊളിയിട്ടുഇറങ്ങാന്‍ തുടങ്ങുന്നു.
ചിന്താസരണിയിലെ ഒടുങ്ങിയാലൊതുങ്ങാത്ത,
ചുടു നിശ്വാസങ്ങളെല്ലാം കൂടി,
എന്റെ മനോമുകുരത്തില്‍ കുമിഞ്ഞുകൂടി വരുന്നു.
ഞാന്‍ ഞാനല്ലാതാവുകയാണോ?
നിരൂപിക്കാനറിയാത്ത സങ്കല്‍പ്പവികല്‍പ്പങ്ങള്‍,
കൊണ്ട് ഞാന്‍ ദിനവും എന്നുള്ളില്‍,
മനക്കണക്കുകള്‍ കൂട്ടുന്നു... കുറയ്ക്കുന്നു,
ആകാശത്തോളം ആശകൊണ്ട് മനക്കോട്ട കെട്ടുന്നു.
ഒരു നിശ്വാസം കൊണ്ട്,
ഒരു ചീട്ട് കൊട്ടാരം പോലെ,‍
അവ പൊട്ടിത്തകരുന്നതു നോക്കിനില്‍ക്കുന്നു.
ഒരിക്കലും ഉണരാത്ത മോഹസങ്കല്‍പ്പങ്ങളില്‍,
ഞാന്‍ എന്റെയുണ്മയെ തെരയുന്നു.
പിന്നീട് അനേകതെരച്ചിലിനുമപ്പുറം,
ഞാന്‍ കണ്ടു മുട്ടാതിരുന്ന എന്റെ ആഗ്രഹങ്ങള്‍,
എന്റെ മുമ്പില്‍ മൂടു പടമിട്ടു വന്നു നില്‍ക്കുന്നു!